തൊടുപുഴ: കൊക്കയാർ പഞ്ചായത്തിലുൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളിൽ പരിക്കേറ്റവർക്ക് സ്വകാര്യ ആശുപത്രിയിലെയുൾപ്പെടെ മുഴുവൻ ചികിത്സാച്ചെലവും സർക്കാർ വഹിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസത്തെ പ്രകൃതി ദുരന്തങ്ങളിൽ 11 പേർ മരണപ്പെടുകയും ഒരാളെ കണ്ടുകിട്ടാനുമുണ്ട്. നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും 200 വീടുകൾ പൂർണ്ണമായും 400 വീടുകൾ ഭാഗികമായും നഷ്ടപ്പെടുകയും 160 ഹെക്ടറോളം ഭൂമിയിലെ കൃഷി നശിക്കുകയും ചെയ്തിട്ടുണ്ട്. 50ശതമാനത്തിൽ താഴെ പരിക്കേറ്റവർക്ക് 50000 രൂപയും 50ശതമാനത്തിൽ മുകളിൽ പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയുമാണ് കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ചത്. ഈ തുക പ്രഖ്യാപിച്ചിരിക്കുന്നത് തന്നെ അപകടമുണ്ടായി രണ്ട് ദിവസത്തിന് ശേഷം ആണ്. എന്നാൽ പരിക്കേറ്റ് ജീവരക്ഷാർത്ഥം അടിയന്തര ചികിത്സയ്ക്കായി പ്രൈവറ്റ് ആശുപത്രി ഉൾപ്പെടെയുള്ള സൗകര്യം നേടിയിട്ടുള്ളവർ നിരവധിയാണ്. അവർക്ക് ഈ തുക പര്യാപ്തമല്ല.പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചവരുടെ കാര്യവും സർക്കാർ ഒന്നും പറയുന്നില്ല. സ്വകാര്യ ആശുപത്രിയിൽ ഉൾപ്പെടെ ചികിത്സയിൽ ഉള്ള മുഴുവൻ ആളുകൾക്കും മുഴുവൻ ചികിത്സാച്ചെലവും സർക്കാർ അനുവദിക്കണമെന്നും വീട് നഷ്ടപ്പെട്ടവർക്കും കൃഷിനാശം സംഭവിച്ചവർക്കും ഉൾപ്പെടെ അടിയന്തരമായി പൂർണ്ണമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് കത്ത് നൽകി.