തൊടുപുഴ: വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷ നിരസിച്ച കോട്ടയം ഹെഡ് പോസ്റ്റ് ആഫീസിലെ സീനിയർ പോസ്റ്റ്‌മാസ്റ്ററിനോട് 30 ദിവസത്തിനകം വിവരം നൽകാൻ കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. 2019 ഡിസംബർ 19ന് കോട്ടയം ഹെഡ് പോസ്റ്റ് ആഫീസിലെ സി.സി ടി.വി ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് തൊടുപുഴ മണക്കാട് സ്വദേശി ചിറപറമ്പിൽ പ്രകാശ് ഗോപാലൻ നൽകിയ അപേക്ഷയാണ് പോസ്റ്റ്‌മാസ്റ്റർ നിരാകരിച്ചത്. 2019 ഡിസംബർ 17ന് ആഫീസിൽ യൂണിയനുകൾ തമ്മിൽ നേരിയ സംഘർഷമുണ്ടായിരുന്നു. ഈ ദിവസത്തെ സി.സി ടി.വി ദൃശ്യങ്ങളാണ് അപേക്ഷകൻ ആവശ്യപ്പെട്ടത്. എന്നാൽ സംഘർഷത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനാൽ ദൃശ്യങ്ങൾ നൽകാനാകില്ലെന്നായിരുന്നു പോസ്റ്റ്‌മാസ്റ്ററുടെ മറുപടി. തുടർന്ന് പ്രകാശ് കൊച്ചി റീജിയണൽ ആഫീസിലെ പോസ്റ്റൽ ഡയറക്ടർക്ക് അപ്പീൽ നൽകി. ഇതും നിരാകരിച്ചതിനെ തുടർന്നാണ് അപേക്ഷകൻ കേന്ദ്ര വിവരാവകാശ കമ്മിഷനെ സമീപിച്ചത്. വിവരങ്ങൾ തരാതിരിക്കണമെന്ന ഉദ്ദേശത്തോടെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് മനഃപൂർവം അന്വേഷണം വൈകിപ്പിക്കുകയാണെന്ന പരാതിക്കാരന്റെ വാദം കമ്മിഷൻ അംഗീകരിച്ചു. ഇതോടൊപ്പം പരാതിക്കാരന് 30 ദിവസത്തിനകം വിവരങ്ങൾ നൽകാനും കേന്ദ്ര വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടു.