തൊടുപുഴ: സ്‌കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി തൊടുപുഴ താലൂക്കിലെ സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. നൂറ്റമ്പതോളം സ്‌കൂൾ വാഹനങ്ങളാണ് താലൂക്കിലുള്ളത്. ഇതിൽ മുപ്പതോളം വാഹനങ്ങളുടെ പരിശോധനയാണ് ഇന്നലെ മുതലക്കോടം സെന്റ് ജോർജ് ഹൈസ്‌കൂളിൽ നടന്നത്. ഡ്രൈവർമാർക്കായി ബോധവത്കരണ ക്ലാസും നടത്തി. ജോയിന്റ് ആർ.ടി.ഒ എസ്.എസ്. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ. നസീർ യോഗം ഉദ്ഘാടനം ചെയ്തു. ഡോ. സി.വി. ജേക്കബ് ക്ലാസ് നയിച്ചു. മുതലക്കോടം സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോർജ് താനത്തുപറമ്പിൽ റോഡ് സുരക്ഷാ സന്ദേശം നൽകി. എം.വി.ഐ റെജിമോൻ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ കെ.ബി. അഭിലാഷ്, ചന്ദ്രലാൽ, എം.വി.ഐമാരായ പി.കെ. ബാബു, എസ്. മുരുകേഷ്, അയ്യപ്പ ജ്യോതിസ്, ടി.ജെ. അജയൻ, നിസാർ ഹനീഫ എന്നിവർ നേതൃത്വം നൽകി. പരിശോധനയിൽ പങ്കെടുത്ത വാഹനങ്ങൾക്ക് സ്റ്റിക്കർ പതിപ്പിച്ചു.