ഇടുക്കി: വിലയിടിവും സ്റ്റോക്ക് വിറ്റഴിക്കാനാകാത്തതും മൂലം ഏലം കർഷകർ കടുത്ത പ്രതിസന്ധിയിലേക്ക്. ലോക്ക്ഡൗൺ ഇളവുകൾക്ക് ശേഷം ഇ- ഏലം പുനരാരംഭിച്ചതോടെ വിപണി പച്ചപിടിച്ച് വന്നെങ്കിലും വീണ്ടും താളംതെറ്റുന്ന കാഴ്ചയാണ്. പ്രധാന ഇ- ലേല കേന്ദ്രമായ പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്നു വന്നിരുന്നലേലം തുടർച്ചയായി നടക്കുന്നില്ല. ഇന്നലെയും ഇവിടെ ലേലം നടന്നിട്ടില്ല. തമിഴ്‌നാട്ടിലെ ബോഡിനായിക്കന്നൂരിലാണ് കൂടുതലായും ലേലം നടക്കുന്നത്. അതിന്റെ പ്രയോജനം തമിഴ്നാട്ടിലെ കർഷകരിലേയ്ക്ക് ചുരുങ്ങുകയും ചെയ്തു. ഏലചെടികൾക്ക് കീടബാധ വ്യാപിക്കുന്നത് കൂടിയതും കർഷകരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്. കീടബാധ ഏറിയതോടെ ഉത്പാദനത്തിലും ഗണ്യമായ ഇടിവും ഉണ്ടായി. മഴക്കാലത്ത് കീടബാധ കൂടുന്ന കാലമാണ്. എന്നാൽ വിലത്തകർച്ചമൂലം കീടനാശിനിയുൾപ്പെടെ പ്രതിരോധ സാമഗ്രികൾ വാങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഒരു സമയത്ത് അയ്യായിരം രൂപ വരെ വില ലഭിച്ച ഏലയ്ക്കയ്ക്ക് ഇപ്പോൾ 1000 മുതൽ 1200 വരെ മാത്രമാണ് കിട്ടുന്നത്. ദിനംപ്രതി വില താഴേക്ക് കൂപ്പുകുത്തുന്നതിനാൽ വൻകിട കർഷകർ ഏലയ്ക്കാ വിൽക്കാൻ വിമുഖത കാട്ടുന്നുമുണ്ട്. കൊവിഡ് സാഹചര്യത്തിൽ ടൂറിസം മേഖലകളിലെ സ്പൈസസ് വിൽപ്പന നിലച്ചതും മറ്റൊരു തിരിച്ചടിയായി. മാസങ്ങളോളം അടഞ്ഞു കിടന്ന ശേഷം ടൂറിസം മേഖല ഉഷാറായിവന്നപ്പോൾ പ്രകൃതിക്ഷോഭം വന്നത് വിലങ്ങു തടിയായി. ഏലം ഉൾപ്പടെയുള്ള സ്പൈസസ് വിൽപ്പന ശാലകൾ വീണ്ടും അടയ്ക്കേണ്ട അവസ്ഥയും സംജാതമായി.
വളംവ്യാപാരത്തിലും തകർച്ച
ഏലം വിലയിടിവ് വളം കീടനാശിനി വിൽപ്പനക്കരെയും സാരമായി ബാധിച്ചു. ഏലച്ചെടികൾക്ക് മാസത്തിൽ ഒരു തവണ കീടനാശിനി പ്രയോഗം നടത്തേണ്ടതാണ്. വിലയുടെ വ്യതിയാനം കാരണം കർഷകർ വിൽപ്പന നടത്താത്തതിനാൽ കീടനാശിനി വ്യാപാരികൾക്ക് നൽകാനുള്ള തുകയും കിട്ടാതെ വരുന്നു. ഇതോടെ ഈ മേഖലയിലെ വ്യാപാരവും സ്തംഭനാവസ്ഥയിലായി. കൊവിഡിൽ ടൂറിസം രംഗം തകർന്നതോടെ സ്‌പൈസസ് ഉടമകളും ജീവനക്കാരും വൻ പ്രതിസന്ധി നേരിടുകയാണ്.
''രണ്ട് വർഷത്തോളം പ്രതിസന്ധിയിലായ ടൂറിസത്തോടൊപ്പം സ്‌പൈസസ് വിൽപ്പന ശാലകളും അടഞ്ഞു. ഏലയ്ക്ക, ഗ്രാമ്പു, കുരുമുളക്, കറുവാപ്പട്ട, തേയില, വാനില, കറിമസാലകൾ തുടങ്ങിയ സ്‌പൈസസുകളാണ് കടകളിൽ നിറഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഈ മേഖലയിലെ വ്യാപാരികൾ നേരിടുന്നത്.""
-ടി.കെ. പ്രസാദ്
സ്‌പൈസസ് സ്ഥാപന ഉടമ
കുമളി