തൊടുപുഴ: കേന്ദ്രീയ വിദ്യാലയം ഈടാക്കുന്ന അനാവശ്യ ഫീസുകൾ ഒഴിവാക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യം മൂലം കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ഓൺലൈനിലാണ്. ടെർമിനൽ ഫീസുകളിൽ വലിയൊരു ശതമാനവും കമ്പ്യൂട്ടർ/ സയൻസ് ലാബിന്റെ പേരിലാണ്. കൊവിഡ് കാലഘട്ടത്തിൽ മിക്ക കുടുംബങ്ങളും കടുത്ത സാമ്പത്തിക സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതിനാൽ വിദ്യാർത്ഥികൾക്ക് ലഭ്യമല്ലാത്ത ഈ സേവനത്തിന് ഫീസ് ഈടാക്കുന്നത് ശരിയല്ലെന്നും മുൻകാല പ്രാബല്യത്തോടെ ഫീസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് എം.പി കത്ത് നൽകി.