ചെറുതോണി: ഇടുക്കി അണക്കെട്ടിൽ നിന്നുള്ള വെള്ളം ചെറുതോണി പുഴയിലൂടെ ശാന്തമായി ഒഴുകുന്നത് കാണുമ്പോൾ മൂന്ന് വർഷം മുമ്പുള്ള ഓർമയുടെ ഞെട്ടലിലാണ് സി.എൻ. പവിത്രൻ. ചെറുതോണി ടൗണിൽ വർഷങ്ങളായി ബുക്ക് സ്റ്റാൾ നടത്തുന്ന കേരളകൗമുദി ഏജന്റായ പവിത്രൻ അഞ്ച് തവണയും അണക്കെട്ട് തുറക്കുന്നത് നേരിട്ട് കണ്ടയാളാണ്. 1981 ഒക്ടോബറിലെ മഴക്കാലത്ത് ആദ്യമായി ഡാം തുറന്നപ്പോൾ പെരിയാറ്റിലൂടെ വെള്ളം ഇരമ്പിയെത്തിയത് പഴയ വീടിന്റെ വരാന്തയിലിരുന്ന് ഭാര്യക്കും മക്കളോടുമൊപ്പം കണ്ടു. 1992ൽ രണ്ടാമത് തുറന്നപ്പോൾ അന്ന് അണക്കെട്ടിൽ നിന്നൊഴുകിയെത്തിയ വലിയ മീനുകൾ പുഴയിൽ നിന്ന് പിടിച്ചത് ഈ 77കാരൻ ഇന്നും ഓർക്കുന്നു. എന്നാൽ, 2018ലെ ഡാം തുറക്കൽ പവിത്രന് ഒട്ടും സുഖമല്ലാത്ത ഓർമയാണ്. ചെറുതോണി പാലം കരകവിഞ്ഞൊഴുകിയപ്പോൾ ബുക്ക് സ്റ്റാളടക്കമുള്ള സമ്പാദ്യമെല്ലാം വെള്ളമെടുത്തു. അഞ്ച് ലക്ഷം രൂുയുടെ നഷ്ടമാണ് അന്നുണ്ടായത്. സർക്കാരിൽ നിന്ന് ഒരു രൂപ പോലും നഷ്ടപരിഹാരം കിട്ടിയില്ല. പിന്നീട് വീണ്ടും ബുക്ക് സ്റ്റാൾ തയ്യാറാക്കാൻ ഒരു ലക്ഷം രൂപയോളം ചെലവായി. ഇത്തവണ ഡാം തുറന്നപ്പോൾ കാര്യമായ നാശനഷ്ടമൊന്നുമുണ്ടാകാത്തതിൽ ആശ്വാസമുണ്ട്. ഒപ്പം പണ്ടത്തെ പോലെ കാര്യമായ മീനൊന്നും പുഴയിലേക്കെത്തിയില്ലെന്ന നിരാശയുമുണ്ട്. 1959ൽ തൊടുപുഴ ഉടുമ്പന്നൂരിൽ നിന്ന് വാഴത്തോപ്പിലെത്തിയതാണ് കുന്നേൽ വീട്ടിൽ പവിത്രൻ.