തൊടുപുഴ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിതീവ്ര മഴയെ തുടർന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ ജില്ലയിൽ 78 കോടി യുടെ നഷ്ടം. മഴക്കെടുതിയിൽ നശിച്ച കൃഷി,​ വീട്,​ റോഡ്,​ പാലം എന്നിവയുടെയെല്ലാം കൂടി പ്രാഥമിക കണക്കാണിത്. ഇതിൽ പീരുമേട് താലൂക്കിൽ മാത്രം 50 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പീരുമേട് താലൂക്കിലെ കൊക്കയാർ, വണ്ടിപ്പെരിയാർ, പെരുവന്താനം, ഏലപ്പാറ, പീരുമേട് പഞ്ചായത്തുകളിലാണ് മഴ കൂടുതൽ നാശം വിതച്ചത്. ഇവിടെ വീട് തകർന്നതിന്റെ നാശ നഷ്ടം മാത്രം റവന്യൂ വകുപ്പ് വിലയിരുത്തിയ കണക്കനുസരിച്ച് 9.5 കോടി രൂപയുണ്ട്. 102 വീടുകൾ പൂർണമായും മൂന്നൂറിലധികം ഭാഗികമായും തകർന്നു. 150 ഹെക്ടർ കൃഷി ഭൂമി നശിച്ചു. കൊക്കയാർ, പെരുവന്താനം പ്രദേശങ്ങളിലെ റോഡുകളെല്ലാം മലവെള്ളപാച്ചിലിൽ തകർന്നു പോയി. കൊക്കയാർ, ഏന്തയാർ, മുക്കളം, കൊച്ചു കരുന്തരുവി, രാജമുടി, വെമ്പിള്ളി, വടക്കേമല ചപ്പാത്ത് പാലം, ഉറുമ്പിക്കര, ആനചാരി,​ അഴങ്ങാട് ചപ്പാത്ത്, കൊക്കയാർ ആറാം നമ്പർ, കുറ്റുപ്ളാങ്ങാട് എന്നീ പാലങ്ങൾ പൂർണമായും തകർന്നു. ഇവിടെ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 1074 പേർ ഇപ്പോഴും കഴിയുകയാണ്. 16നുണ്ടായ പ്രകൃതിക്ഷോഭത്തിലാണ് കൊക്കയാർ പഞ്ചായത്തിലും കോട്ടയം ജില്ലയുമായി അതിർത്തി പങ്കിട്ടൊഴുകുന്ന പുല്ലകയാർ നദിയുടെ ഇരുകരകളിലും ഉണ്ടായിരുന്ന വീടുകളും കൃഷി സ്ഥലങ്ങളും കുത്തിയൊലിച്ചുപോയത്.

കാർഷികമേഖലയിൽ നഷ്ടം 7.89 കോടി

കാർഷിക മേഖലയിൽ മാത്രം 7.89 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. 168.10 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 4741 കർഷകരുടെ വിള നശിച്ചു.

കോട്ടയത്തിന് 8.5 കോടി, ഇടുക്കിക്കില്ല

കോട്ടയത്തും ഇടുക്കിയിലും ഒരുപോലെ നാശനഷ്ടമുണ്ടായെങ്കിലും കോട്ടയത്തിന് മാത്രം നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. അടിയന്തര പ്രവർത്തനങ്ങൾക്കായി 8.6 കോടി രൂപയാണ് അനുവദിച്ചത്. തുക അനുവദിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. എന്നാൽ ഇത്രയും തന്നെ ദുരന്തമുണ്ടായ ഇടുക്കിയിൽ ഒരു രൂപ അടിയന്തര സഹായം അനുവദിക്കാത്തതിൽ പ്രതിഷേധ സ്വരം ഉയരുന്നുണ്ട്.