െതാടുപുഴ: ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കളക്‌ട്രേറ്റ് മാർച്ച് സംഘടിപ്പിക്കാൻ തൊടുപുഴ രാജീവ് ഭവനിൽ ചേർന്ന യു.ഡി.എഫ് ജില്ലാ ഏകോപന സമിതി യോഗം തീരുമാനിച്ചു. ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന 2019ലെ സർവ്വകക്ഷി യോഗ തീരുമാനം സംസ്ഥന സർക്കാർ ഇതുവരെ നടപ്പാക്കാത്തതിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മന്ത്രി റോഷി അഗസ്റ്റ്യനെ ഒഴിവാക്കി, ഒന്നേമുക്കാൽ ലക്ഷത്തോളം വേട്ടുകൾക്ക് ഡീൻ കുര്യാക്കോസ് എം.പിയോട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ജോയ്സ് ജോർജ്ജിനെ ഇടുക്കി പാക്കേജിന്റെ വർക്കിംഗ് ഗ്രൂപ്പ് ചെയർമാനാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇടുക്കി ജില്ലയുടെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിയാവണം ഇടുക്കി പാക്കേജ്. സംസ്ഥാന സർക്കാർ ഇതുവരെ ഒരു രൂപ പോലും ഇടുക്കി പാക്കേജിനായി വകയിരുത്താത്തതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
മഴക്കെടുതിക്ക് ഇരയായവർക്കെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ് മണ്ഡലം കമ്മിറ്റികൾ ഒക്‌ടോബർ 31ന് മുമ്പ് പുനഃസംഘടിപ്പിക്കാനും നവംബർ 19ന് നടക്കുന്ന യു.ഡി.എഫ് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നവംബർ ആദ്യവാരത്തിൽ നിയോജക മണ്ഡലം സമ്മേളനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു. പുതിയതായി ചുമതലയേറ്റ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, കേരളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു സ്റ്റീഫൻ, സി.എം.പി ജില്ലാ സെക്രട്ടറി കെ.എ. കുര്യൻ എന്നിവരെ യോഗം അനുമോദിച്ചു. അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, എം.എസ്. മുഹമ്മദ്, എം.കെ. പുരുഷോത്തമൻ, പി.എം. അബ്ബാസ്, അഡ്വ. ജോസി ജേക്കബ്ബ്, എം.എം. ബഷീർ, മാർട്ടിൻ മാണി, രാജു മുണ്ടക്കാട്ട്, സി.കെ. ശിവദാസ്, കെ.എം. മൈതീൻ, എൻ.ഐ. ബെന്നി, ജോയി കൊച്ചുകരോട്ട്, എം.ബി. സൈനുദീൻ, തുടങ്ങിയവർ പ്രസംഗിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്ബ് സ്വാഗതവും ജില്ലാ സെക്രട്ടറി കെ. സുരേഷ് ബാബു നന്ദിയും പറഞ്ഞു.