തൊടുപുഴ : അമ്മമാരുടെ വിലാപം ഭാവി തലമുറകൾക്ക് ദുരിതമാകുമെന്ന് സോഷ്യൽ ജസ്റ്റീസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ. എം. വർഗീസ്. മാതാപിതാക്കന്മാരെ തെരുവിൽ ഉപേക്ഷിക്കുന്നത് സാമൂഹിക ദുരന്തമെന്നും ഫോറം തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു. പി. സ്‌കൂൾ ഹാളിൽ സംഘടിപ്പിച്ച 'ഹൃദയപൂർവ്വം അമ്മയ്‌ക്കൊപ്പം' സ്‌നേഹക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സമൂഹത്തിലെ നാനാതുറകളിലുള്ള അമ്മമാരെ ആദരിച്ചു. കുഞ്ഞിളം കയ്യിൽ സമ്മാനം പരിപാടി നഗരസഭ വൈസ് ചെയർപേഴ്‌സൺ ജെസ്സി ജോണിയും ആരോഗ്യ പ്രവർത്തകരെ അൽ അസ്സർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ജോസ് ജോസഫും അദ്ധ്യാപകരെ ഫാ. സ്റ്റാൻലി കുന്നേലും ആദരിച്ചു. മികച്ച സ്ത്രീശാക്തീകരണ പ്രവർത്തകയായ ആര്യാ ബോസിനും ജൂനിയർ അവതാരക അനഘ അനിലിനും പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. ചാൾസ് വി. ജോസ്, പി. യു. ഗീതു, റ്റി. വൈ. ജോയി, ഡിംപിൾ വിനോദ്, സിന്ധു പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ റ്റി. എൽ. ജോസഫ് സ്വാഗതവും മേഖലാ പ്രസിഡന്റ് ഐശ്വര്യ അനിൽ കൃതജ്ഞതയും രേഖപ്പെടുത്തി.