നടപടി 'എം.വി.ഐ.പി എന്ന വെള്ളാന' പരമ്പരയുടെ അടിസ്ഥാനത്തിൽ
തൊടുപുഴ: മൂന്ന് ജില്ലകളിലായി ലക്ഷണക്കണക്കിന് ജനങ്ങൾക്ക് പ്രയോജനപ്പെടേണ്ട എം.വി.ഐ.പി കനാലുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് 'കേരളകൗമുദി' ചെയ്ത അന്വേഷണ പരമ്പര 'എം.വി.ഐ.പി എന്ന വെള്ളാന'യുടെ അടിസ്ഥാനത്തിൽ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ അടിയന്തര നടപടി. കനാലിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രോജക്ട്- 2 ചീഫ് എൻജിനിയർ ബിനു ജയകുമാറിന് മന്ത്രി നിർദേശം നൽകി. ദീർഘനാളായി കാടുപിടിച്ചും മാലിന്യം നിറഞ്ഞും നാശത്തിന്റെ വക്കിലെത്തിയ എം.വി.ഐ.പി കനാലുകളെക്കുറിച്ചുള്ള പരമ്പര ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. കനാലുകളുടെയും റോഡിന്റെയും നിലവിലെ സ്ഥിതി പരിശോധിക്കാനും ഇത് മെച്ചപ്പെടുത്താൻ എന്ത് മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് അന്വേഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്. എത്രയും വേഗം പരിശോധിച്ച് വിശദമായ അന്വേഷണ റിപ്പോർട്ടും നൽകണം. റിപ്പോർട്ട് കിട്ടിയാലുടൻ പോരായ്മകൾ പരിഹരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാനാകുമെന്ന് ആലോചിക്കാമെന്നും മന്ത്രി കേരളകൗമുദിയോട് പറഞ്ഞു.
അഞ്ച് ദിവസങ്ങളിലായി നൽകിയ അന്വേഷണ പരമ്പരയിൽ ചോർന്നൊലിക്കുന്ന അക്വഡേറ്റ്, തകർന്ന ബണ്ട് റോഡുകൾ, കാടുകയറി മാലിന്യം നിറഞ്ഞ കനാൽ, ജലവിതരണത്തിന്റെ പോരായ്മ തുടങ്ങിയവ ചൂണ്ടിക്കാട്ടിയിരുന്നു.
മൂന്നര പതിറ്റാണ്ട് മുമ്പ് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രാന്ത പ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് കുടിവെള്ളത്തിനും ജലസേചനത്തിനുമായി മലങ്കര അണക്കെട്ടിൽ നിന്ന് ആരംഭിച്ച കനാൽ ശൃംഖലയാണ് മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട്- എം.വി.ഐ.പി). മൂലമറ്റം പവർഹൗസിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലമാണ് മലങ്കരയുടെ പ്രധാന ജലസ്രോതസ്. കേന്ദ്ര ഫണ്ടടക്കം 1087.78 കോടി രൂപ പൊതുഖജനാവിൽ നിന്ന് മുടക്കി പൂർത്തിയാക്കിയ പദ്ധതി കഴിഞ്ഞ വർഷമാണ് പൂർണമായി കമ്മിഷൻ ചെയ്തത്. പദ്ധതിയുടെ ഭാഗമായി ഇടത് കര, വലത് കര എന്നിങ്ങനെ രണ്ട് കനാലുകളാണുള്ളത്. ഇടതുകര കനാലിന് 37 കിലോ മീറ്ററും വലതുകരയ്ക്ക് 28 കിലോമീറ്ററും നീളമുണ്ട്.
വർഷം പാഴാകുന്നത് 10 കോടി
ഏഴ് നിയോജകമണ്ഡലങ്ങളിലായി 18,173 ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്തുന്ന എം.വി.ഐ.പി കനാലുകൾ വൃത്തിയാക്കുന്നതിനും അറ്റകുറ്റപണി നടത്തുന്നതിനും ഒരു വർഷം എം.വി.ഐ.പിക്ക് അനുവദിക്കുന്നത് 10 കോടി രൂപയാണ്. ഇത് കൃത്യമായി വിനിയോഗിച്ചാൽ കനാൽ വൃത്തിയാക്കി അറ്റകുറ്റപണികൾ ചെയ്യാനാകും. എന്നാൽ പണി ഏറ്റെടുക്കുന്ന കരാറുകാർ തോന്നിയപടി ജോലികൾ ചെയ്ത ശേഷം ബില്ല് മാറിയെടുക്കുകയാണ് ചെയ്യുന്നത്. ഇത് കൃത്യമായി ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുമില്ല. എന്നിട്ടും ഈ തുക അപര്യാപ്തമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
'മന്ത്രിയുടെ നിർദേശം ലഭിച്ചിട്ടുണ്ട്. ഡിസംബറിനകം കനാലുകളെല്ലാം കാടുവെട്ടി വൃത്തിയാക്കും. പരമാവധി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഉത്പാദനക്ഷമമല്ലാത്ത ജോലി ഒരിക്കൽ ചെയ്ത് കഴിഞ്ഞാൽ വീണ്ടും ചെയ്യുന്നതിന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ബുദ്ധിമുട്ടുണ്ട്. ബണ്ട് റോഡുകളുടെ അറ്റകുറ്റപണിക്ക് നിലവിൽ ഫണ്ട് അനുവദിക്കുന്നില്ല. അതത് തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ടുവന്നാൽ നന്നാക്കാൻ അനുവാദം നൽകും.'
ബിനു ജയകുമാർ (ചീഫ് എൻജിനിയർ, പ്രോജക്ട്- 2)