തൊടുപുഴ: പാർലമെന്റ് പാസാക്കിയ പ്രസാർഭാരതി നിയമം അനുസരിച്ചുള്ള പ്രാദേശിക വാർത്താ പ്രക്ഷേപണം നിർത്തിവയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം. പി ആവശ്യപ്പെട്ടു. ജില്ലയിലെ വാർത്താവിനിമയ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ആകാശവാണി ഇടുക്കി, ദേവികുളം നിലയങ്ങളുടെ പ്രസരണ ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണം. പൊതുമേഖലയിൽ പ്രവൃത്തിക്കുന്ന റേഡിയോ നിലയവും ദൂരദർശനുമാണ് സാംസ്‌കാരികവും പ്രാദേശികവും ജനസംഖ്യാനുപാതികവുമായ വാർത്താ പ്രക്ഷേപണത്തിനുള്ള ഏകമാർഗ്ഗം. ഇടുക്കി ദൂരദർശൻ നിലയത്തിന്റെ ട്രാൻസ്മിറ്ററും ആകാശവാണിയുടെ ട്രാൻസ്മിറ്ററും ഒരേ ടവറിലാണ്. ഇടുക്കി പോലുള്ള ഒരു മലയോര ജില്ലയിൽ അടിക്കടി ഉണ്ടാകുന്ന പ്രുകൃതിക്ഷോഭ മുന്നറിയിപ്പുകൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ആകാശവാണിയുടെയും ദൂരദർശന്റെയും പങ്ക് ഒഴിച്ചുകൂടാനാകാത്തതാണ്. ഇടുക്കി ജില്ലയിലെ വാർത്താവിനിമയ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ആകാശവാണി ഇടുക്കി, ദേവികുളം നിലയങ്ങളുടെ പ്രസരണ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂറിന് എം.പി. കത്ത് നൽകി.