കുടയത്തൂർ: കനത്ത പേമാരിയിൽ കുടയത്തൂർ പഞ്ചായത്ത് പ്രദേശത്തും വ്യാപക നാശ നഷ്ടം.ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇടതടവില്ലാതെ ഇടിയോടു കൂടി പെയ്തിറങ്ങിയ കനത്ത മഴയെ തുടർന്ന് ചെറുതും വലുതുമായ തോടുകൾ കരകവിഞ്ഞ് ഒഴുകിയതാണ് നാശ നഷ്ടത്തിന് കാരണം. കാഞ്ഞാർ വാഗമൺ റോഡിൽ കൂവപ്പള്ളിക്ക് സമീപം വലിയ പാറയും മണ്ണും റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു.നാട്ടുകാരുടെ നേതൃത്വത്തിൽ മണ്ണ് റോഡിൽ നിന്നും നീക്കി ഭാഗീകമായി ഗതാഗത തടസം സ്ഥാപിച്ചു. റോഡിലേക്ക് പതിച്ച വലിയ പാറ മാറ്റുവാനുള്ള ശ്രമം തുടരുകയാണ്. കോളപ്ര അടൂർമല റോഡ് വെള്ളപ്പാച്ചിലിൽ ഭാഗികമായി തകർന്നു. റോഡിനോട് ചേർന്നുള്ള തോട് കര കവിഞ്ഞൊഴുകി സമീപത്തെ വീടുകളിൽ വെള്ളം കയറി. അടൂർമല റോഡിന്റെ ഒരു ഭാഗം തകർത്താണ് വെള്ളം കുത്തിയൊലിച്ച് പാഞ്ഞത്. റോഡരികിലുണ്ടായിരുന്ന വൈദ്യുതി തൂണുകളും ഒടിഞ്ഞു. കോളപ്ര ജങ്ഷനിലുള്ള കല്ലമ്മാക്കൽ മോഹനന്റെ കടയുടെ സംരക്ഷണഭിത്തി ഭാഗികമായി തകർന്ന നിലയിലാണ്. അടൂർമല റോഡിനോട് ചേർന്നുള്ള തോട്ടിൽ വലിയ കല്ലുകളും മരങ്ങളും വന്ന് സ്വാഭാവിക ഒഴുക്കിന് തടസം ഉണ്ടാക്കുന്നുണ്ട്.അടിയന്തരമായി ഇവ നീക്കം ചെയ്തില്ലെങ്കിൽ ഇനിയൊരു കുത്തൊഴുക്ക് ഉണ്ടായാൽ അടൂർമല റോഡ് പൂർണ്ണമായും ഒലിച്ചപോകാനുള്ള സാദ്ധ്യത ഏറെയുണ്ട്.കുടയത്തൂർ സരസ്വതി വിദ്യാനികേതന് സമീപമുള്ള തോടും നിറഞ്ഞൊഴുകി. ഇവിടെയും നിരവധി വീടുകളിൽ വെള്ളം കയറി. താന്നിക്കൽ രാജേഷിന്റെ വീടിന്റെ മുറ്റം ഇടിഞ്ഞ് വീടിന് ഭീഷണിയായി. അൻപത് അടിയോളം ഉയരമുണ്ടായിരുന്ന സംരക്ഷണ കെട്ടാണ് ഇടിഞ്ഞ് താഴ്ന്നത്. വെള്ളം കയറിയ വീടുകളിൽ രാത്രിയിൽ തന്നെ സമീപ വാസികൾ സഹായവുമായി എത്തിയിരുന്നു. വെള്ളം കുത്തിയൊലിച്ച് തകർന്ന അടൂർ മല റോഡ് പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ ,വില്ലേജ് ഓഫീസർ ഗോപൻ, വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള തുടങ്ങിയവർ സന്ദർശിച്ചു