നെടുങ്കണ്ടം: അതിതീവ്ര മഴയിലും ഇടിമിന്നലിലും ഇടുക്കിയിലെങ്ങും പരക്കെ നാശം. നെടുങ്കണ്ടം, തൂക്കുപാലം, രാമക്കൽമെട്ട്, കരുണാപുരം, അഞ്ചിരി, കുടയത്തൂർ മേഖലകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ബുധനാഴ്ച രാത്രി 11 മുതൽ വ്യാഴാഴ്ച പുലർച്ചെ മൂന്ന് വരെയാണ് അതിതീവ്ര മഴ പെയ്തത്. മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. 85 വീടുകൾ ഭാഗികമായി തകർന്നു. 30 വീടുകളിൽ വെള്ളം കയറി. 50 വീടുകളുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കുമളി- മൂന്നാർ സംസ്ഥാന പാതയിലേക്ക് പാറയിടിഞ്ഞതിന് പിന്നാലെ മണ്ണിടിച്ചിലുമുണ്ടായി. ആലപ്പുഴ- മധുര സംസ്ഥാന പാതയിൽ വെള്ളം കയറി. മൊബൈൽ ടവറുകളിൽ ഇടിമിന്നലേറ്റതിനെ തുടർന്ന് നെറ്റ്‌വർക്കും തകരാറിലായി. കല്ലാർ ഡാമിന്റെ തീരമേഖലയിൽ വെള്ളം കയറി. താന്നിമൂടിന് സമീപം തിട്ടേപടിപാലത്തിന്റെ കൈവരി തകർന്നു. നിർമാണത്തിലിരിക്കുന്ന നെടുങ്കണ്ടം മിനി വൈദ്യുത ഭവന്റെ കൽക്കെട്ടിലും വെള്ളം കയറി. മലവെള്ളപാച്ചിലിൽ എത്തിയ മാലിന്യങ്ങളെത്തി കല്ലാർ ഡാമിന്റെ ടണൽ മുഖം അടച്ചു. ഇതോടെ കല്ലാർ ഡാമിൽ അപ്രതീക്ഷിത വെള്ളപ്പൊക്കം ഉണ്ടായി. പാറത്തോട് വില്ലേജിൽ രമ്യഭവനിൽ ടി.കെ. വീടിന്റെ തറയും വയറിംഗും ഇടിമിന്നലിൽ തകർന്നു. വീട്ടുകാർ അദ്ഭുതകരമയാണ് രക്ഷപെട്ടത്. തൂക്കുപാലത്ത് ബ്ലോക്ക് നമ്പർ 387ൽ ഹരിക്കുട്ടന്റെ വീടിന്റെ തറയും ഭിത്തിയും ഇടിമിന്നലിൽ വിണ്ട് കീറി. ചോറ്റുപാറ പണ്ടാരത്ത് തെക്കേതിൽ കൃഷ്ണൻകുട്ടി നായരുടെ വീട് പൂർണമായും തകർന്നു. പ്രദേശത്തെ കൃഷിയിടങ്ങളിലും വെള്ളം കയറിയതോടെ വ്യാപക കൃഷിനാശമുണ്ടായി. റവന്യൂ, പഞ്ചായത്ത്, കൃഷി ഓഫിസ് മുഖാന്തിരം നാശനഷ്ട കണക്ക് ശേഖരിച്ച് വരികയാണ്. തൂക്കുപാലം- രാമക്കൽമെട്ട് റോഡിൽ വിജയമാത സ്‌കൂളിന് സമീപം 30 വീടുകളിൽ വെള്ളം കയറി. 6 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. സമീപത്തെ ലോഡ്ജിലേക്കാണ് ആറ് കുടുംബങ്ങളെ മാറ്റിയത്. രണ്ട് പേരെ വെള്ളപൊക്കത്തിൽ നിന്ന് രക്ഷപ്പെടുത്തി. തൂക്കുപാലം രാമക്കൽമെട്ട് റോഡിൽ വെള്ളം കയറിയത് പ്രതിസന്ധി സൃഷ്ടിച്ചു. പ്രദേശത്തെ വീടുകളിൽ നിന്ന് പാത്രങ്ങൾ, വസ്ത്രങ്ങൾ, കിടക്ക എന്നിവ ഒഴുകിപ്പോയി. വീടുകളിൽ മണ്ണും ചെളിയും കയറി. നാശനഷ്ടം നേരിട്ടവർക്ക് അടിയന്തര സഹായം നൽകണമെന്നാണ് ജനങ്ങളുടെ ആവശ്യം.

അഞ്ചിരിയിൽ വീടുകളിൽ വെള്ളം കയറി

അഞ്ചിരിക്ക് സമീപം മലവെള്ളപാച്ചിലിൽ വ്യാപക നാശം. മണ്ണിടിച്ചിലിനൊപ്പം പാറപ്പൊടിയും മണ്ണും കല്ലുമടിഞ്ഞ് തോട്ടിലും റോഡിലും വീടുകളിലും പാടശേഖരങ്ങളിലും വെള്ളം കയറി. ആലക്കോട് പഞ്ചായത്തിലെ അഞ്ചിരിയിൽ ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് വെള്ളം ഒലിച്ചെത്തിയത്. മൂന്ന് കിലോമീറ്റർ അകലെ തെക്കുംഭാഗം വരെ വെള്ളം ഒഴുകിയെത്തിയതായി പ്രദേശവാസികൾ പറഞ്ഞു. കുത്തിയൊഴുകിയ വെള്ളമെത്തിയത് ഉരുൾപൊട്ടലാണെന്ന ആശങ്കയുമുണ്ടാക്കി. ഏഴോളം വീടുകളിൽ വെള്ളം കയറിയതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ ആക്കപ്പടി പറഞ്ഞു. മുകുളോത്ത് ഫ്രാൻസിസിസിന്റെ വീടിനോട് ചേർന്ന തൊഴുത്തിലും കൃഷിയിടങ്ങളിലും വെള്ളം കയറി. പുഴയിടത്ത് ഡെന്നി സിറിയക്കിന്റെ വീടിന്റെ ഭിത്തി തകർന്നു. പഴയിടത്ത് റോബിയുടെ അഞ്ചേക്കർ കൃഷി സ്ഥലത്തും വെള്ളം കയറി. കുതിച്ചെത്തിയ വെള്ളവും അവശിഷ്ടങ്ങളിലും അഞ്ചിരി പാടശേഖരത്തിലുമെത്തി. നെൽകൃഷി ചെയ്യാനായി ഇവിടെ നിലമടക്കം ഒരുക്കി കർഷകർ കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിത സംഭവം. മഴയെ തുടർന്ന് പ്രദേശത്തെ പാറമടയ്ക്ക് സമീപത്ത് നിന്ന് മണലും പാറപ്പൊടിയും ഒഴുകിയെത്തിയെത്തി കൂടുതൽ പ്രതിസന്ധിക്കിടയാക്കി. വെള്ളം കുതിച്ചൊഴുകി റോഡും ഗതാഗത യോഗ്യമല്ലാതായിട്ടുണ്ട്. പുലർച്ചെയോടെയാണ് വെള്ളം താഴ്ന്നത്. തുടർന്ന് ജൈ.സി.ബി കൊണ്ട് വന്നാണ് ഉച്ചയോടെ ഇതു വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. വില്ലേജ് ആഫീസർ സാലി ജോർജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.