പീരുമേട് :കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിനേയും തുടർന്ന് വാട്ടർ അതോറിറ്റി പീരുമേട് സബ് ഡിവിഷൻ പരിധിയിൽ നഷ്ടം ഒരുകോടി. വിവിധ പമ്പ് ഹൗസുകൾക്കും നിരവധി ജലവിതരണ പൈപ്പുകൾക്കും അടിയന്തിരമായി പരിഹരിക്കാൻ പറ്റാത്ത തരത്തിലുള്ള കേടുപാടുകളാണ് സംഭവിച്ചത്. ഇത് മൂലം ജല അതോറിറ്റിക്ക് ഒരു കോടിയിലധികം രുപയുടെ നഷ്ടമാണ് പീരുമേട് സബ് ഡിവിഷൻ പരിധിയിൽ ഉണ്ടായത്.

ഇവയിൽ ഭൂരിഭാഗവും യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാൻ കഴിഞ്ഞെങ്കിലും പൂർണ്ണമായും തകർന്നുപോയ കൊക്കയാർ പഞ്ചായത്തിലെ നാരകം പുഴ പമ്പ് ഹൗസിൽ നിന്നും ജലവിതരണം പുനഃസ്ഥാപിക്കാൻ ആയിട്ടില്ല.

എൻ.എച്ച് 183 റോഡിന്റെ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചലിൽ മൂലം വ്യാപകമായി വിതരണ പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ച്ച്ചതായും അധികൃതർ പറഞ്ഞു.ഇത് മൂലം പെരുവന്താനം, കൊക്കയാർ, പീരുമേട് എന്നീ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം പൂർണമായും പുനസ്ഥാപിക്കാനും കഴിയാതെവന്നു.ഇവ പുനസ്ഥാപിക്കാൻ ഏറെ ആഴ്ചകൾ വേണ്ടിവരുമെന്നാണ് അധികൃതർ കരുതുന്നത്.

ജലവിതരണം മുടങ്ങും

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ, ജല വിതരണം നടത്തുന്നതിന് കഴിയില്ല എന്ന്, പീരുമേട് ജല അതോറിട്ടി സബ് ഡിവിഷൻ അസി.എക്സ്സിക്യൂട്ടീവ് എൻഞ്ചിനിയർ അറിയിച്ചു. പൊതുജനങ്ങൾ വേണ്ട മുൻകരുതൽ എടുക്കുകയും ജല അതോറിറ്റിയോട് സഹകരിക്കണമെന്നും എ. എക്‌സ്. ഇ. അറിയിപ്പിൽ അഭ്യർത്ഥിച്ചു.