തൊടുപുഴ : സംസ്ഥാന സർക്കാർ ഇടുക്കി പാക്കേജിനായി നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള പന്തീരായിരം കോടി രൂപയിൽ നിന്ന് വെള്ളപ്പൊക്ക പുനരധിവാസ പദ്ധതികൾക്കായി മൂവ്വായിരം കോടി രൂപ അടിയന്തിരമായി അനുവദിക്കണമെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം. ജെ.ജേക്കബ് ആവശ്യപ്പെട്ടു.
ഈ വർഷത്തെ വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിട്ടുള്ളത് ഇടുക്കി , കോട്ടയം ജില്ലകളിലാണ്. ഇടുക്കി ജില്ലയിൽ കൊക്കയാർ പ്രദേശം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് അറക്കുളം, വെള്ള്യാമറ്റം ഭാഗങ്ങളിലാണ്. ഈ പ്രദേശങ്ങളിലെല്ലാം കുത്തൊഴുക്കിൽ വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കൃഷി നാശം വൻ തോതിൽ ഉണ്ടായിട്ടുണ്ട്. ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള ഒരു കോടി രൂപ കൊണ്ട് നാശനഷ്ടങ്ങൾ നികത്താനാവില്ല. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ച എല്ലാ കർഷകർക്കും പതിനായിരം രൂപ വീതം ധനസഹായം നൽകിയിരുന്നു. ഇത്തവണയും ധനസഹായം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ജേക്കബ് ആവശ്യപ്പെട്ടു.