തൊടുപുഴ: സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ജില്ലയിലെ ഒന്നര ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ തീരുമാനമനുസരിച്ച് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഹോമിയോ മരുന്നു വിതരണം നടത്തും. രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങി ഒക്ടോബർ 25,26,27 തിയതികളിലാണ് 'കരുതലോടെ മുന്നോട്ട്' എന്ന പേരിലുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലുമായി 560 സ്‌കൂളുകളിലെ 18 വയസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഹോമിയോ മരുന്നു വിതരണം നടത്തും. ജില്ലയിലെ 66 സർക്കാർ ഹോമിയോ സ്ഥാപനങ്ങളും തിരഞ്ഞടുക്കപ്പെട്ട 10 സ്‌കൂളുകളിലെ കിയോകളും വഴി ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും ഒന്നിച്ച് പ്രവർത്തിക്കും. രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാല് വരെ മരുന്ന് വിതരണ കൗണ്ടറുകൾ പ്രവർത്തിക്കും. രജിസ്റ്റർ ചെയ്യുന്നതിന് ആയുഷ് ഹോമിയോപ്പതി ഇൻഫർമേഷൻ സിസ്റ്റം വഴിയുള്ള പോർട്ടൽ ഇന്ന് പ്രവർത്തനസജ്ജമാകുമെന്ന് ജില്ലാ മെഡിക്കൽ ആഫീസർ ഡോ.ബീന ഖറിയാസ് അറിയിച്ചു.