lotary

കട്ടപ്പന: നിബന്ധനകൾ പാലിക്കാതെയുള്ള ഭാഗ്യക്കുറി വിൽപ്പനയ്‌ക്കെതിരെ ജില്ലാ ലോട്ടറി ആഫീസറുടെ നേതൃത്വത്തിൽ കട്ടപ്പനയിലെ വിവിധ ലോട്ടറി വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തി. അവസാന നാല് അക്കങ്ങൾ ഒരേ പോലെ വരുന്ന പന്ത്രണ്ടിലധികം സീരിസ് ഭാഗ്യക്കുറികൾ ഒന്നിച്ചു വിൽപന നടത്തരുതെന്ന് ഉത്തരവുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഇത്തരത്തിൽ വിൽപന നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഭാഗ്യക്കുറി ചട്ടങ്ങൾക്ക് വിരുദ്ധമായി എഴുത്ത് ലോട്ടറിയും വാട്ട്‌സ് ആപ്പ് മുഖേനയുള്ള ടിക്കറ്റുവിൽപനയും ജില്ലയിൽ വ്യാപകമായി നടത്തുന്നുവെന്ന് പരാതി ലഭിച്ചിരുന്നു. സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി നടത്തുന്ന എല്ലാത്തരം അനധികൃത വിൽപനകളും പൂർണമായും അവസാനിപ്പിക്കുകയും കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയുമാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് ഇടുക്കി ജില്ലാ ഭാഗ്യക്കുറി ആഫീസർ ലിസിയാമ്മ ജോർജ്ജ് പറഞ്ഞു. . ഇവ ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കുന്നതിനായി 18004258474 എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗിക്കണമെന്നും ജില്ലാ ആഫീസർ നിർദ്ദേശിച്ചു. www.statelottery.kerala.gov.in എന്ന വെബ് സൈറ്റിൽ കൂടിയും പരാതികൾ അറിയിക്കാം. ഭാഗ്യകേരളം മൊബൈൾ ആപ്ലിക്കേഷൻ വഴി ലോട്ടറി ടിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാം. കട്ടപ്പന അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ആഫീസർ ജോഷിമോൻ കെ. അലക്‌സ്, സീനിയർ ക്ലർക്കുമാരായ ഷാൻ സോമൻ, മുഹമ്മദ് സാലി .പി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.