കുടയത്തൂർ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കുടയത്തൂർ പഞ്ചായത്ത്‌ പരിധിയലെ റോഡിലെ ഗതാഗതക്കുരുക്കിനും സീബ്രാ ലൈനുകൾ പുനസ്ഥാപിക്കാനും നടപടികൾ സ്വീകരിക്കുമെന്ന് കുടയത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ഉഷ വിജയൻ പറഞ്ഞു. സർക്കാർ മേഖലയിൽ 4, സ്വകാര്യ മേഖലയിൽ 3 എന്നിങ്ങനെ പഞ്ചായത്ത്‌ പരിധിയിൽ 7 സ്‌കൂളാണ് പ്രവർത്തിക്കുന്നത്. സ്കൂൾ പ്രവർത്തനം ആരംഭിക്കുമ്പോൾ വിദ്യാർത്ഥികളുടെ സുരക്ഷ ലക്ഷ്യമാക്കിയാണ് റോഡിൽ സീബ്രാ ലൈനുകൾ പുനസ്ഥാപിക്കുന്നത്. റോഡ് നവീകരണത്തെ തുടർന്നും കാലപ്പഴക്കത്താലും മിക്കവാറും സ്ഥലങ്ങളിൽ സീബ്രാ ലൈനുകൾ മാഞ്ഞു പോയിട്ടുണ്ട്. ഇത് പുനസ്ഥാപിക്കാൻ പൊതു മരാമത്ത് വകുപ്പ് അധികൃതരുമായി കൂടി ആലോചിച്ച് നടപടികൾ സ്വീകരിക്കും. കാഞ്ഞാർ ടൗൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് മോട്ടോർ വാഹന വകുപ്പുമായി ആലോചിച്ച് പഞ്ചായത്ത്‌ ഗതാഗത ഉപദേശക സമിതി യോഗം ചേരും. ഇതേ തുടർന്ന് വാഹന പാർക്കിങ്ങ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ആകുമെന്നും പ്രസിഡന്റ് പറഞ്ഞു.