കാഞ്ചിയാർ: ഗ്രാമപഞ്ചായത്തിലെ 3, 4, 10, 14 വാർഡുകൾ ഉൾപ്പെട്ട ലബ്ബക്കട സിറ്റിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാകുന്നു. വഴിയോരങ്ങളിൽ വാഹനം നിറുത്തി പരസ്യമായ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും വ്യാപകമായിട്ടുണ്ട്. ഇവർ സ്ത്രീകൾക്കും കുട്ടികൾക്കും പൊതുജനങ്ങൾക്കും ശല്യമായി മാറി. പൊതുജനങ്ങളുടെ ദീർഘനാളായുള്ള ആവശ്യപ്രകാരം ലബ്ബക്കടയിൽ ഒരു കംഫർട്ട് സ്റ്റേഷൻ ആരംഭിച്ചിരുന്നു. സ്ത്രീകൾക്കും കോളേജിൽ എത്തുന്ന പെൺകുട്ടികൾക്കുമടക്കം നിരവധി യാത്രക്കാർക്ക് ഇത് ഉപകാരപ്പെടുമായിരുന്നു. എന്നാൽ ഇപ്പോൾ പട്ടാപകൽ പോലും സ്ത്രീകൾക്കും കുട്ടികളും കംഫർട്ട് സ്റ്റേഷൻ ഉപയോഗിക്കാൻ കഴിയാത്ത തരത്തിൽ സമൂഹ്യദ്രോഹികളുടെ ആവാസകേന്ദ്രമായി മാറി. കംഫർട്ട് സ്റ്റേഷന് സുരക്ഷാ ഗേറ്റ് ഇല്ല. രാത്രിയിൽ പൂട്ടാറില്ല. വൃത്തിഹീനമായ ഇവിടെ പലപ്പോഴും വെള്ളമുണ്ടാകാറില്ല. സാമൂഹ്യവിരുദ്ധർ തമ്മിൽ പലപ്പോഴും പരസ്പരം ചീത്തവിളികളും സംഘർഷങ്ങളും പതിവാണ്. മയക്കുമരുന്ന് മാഫിയക്കെതിരെ ലബ്ബക്കട ടൗണിൽ ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രതിക്ഷേധയോഗം നടത്തി. മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. അലസതവിട്ട് പഞ്ചായത്ത് അധികാരികളും നിയമപാലകരും ഉടൻ ഈ വിഷയത്തിൽ ഇടപെട്ട് സാമൂഹ്യവിരുദ്ധ ശല്യം അവസാനിപ്പിക്കണമെന്ന് പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു.