തൊടുപുഴ: നിരവധി അപകടങ്ങൾ നടന്ന നെല്ലാപ്പാറയിലെ കൊടും വളവിലെ അപകട സാദ്ധ്യത ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെഇടപെടൽ. മുഖ്യമന്ത്രിയ്ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ചീഫ് എൻജിനിയർക്ക് ഇതു സംബന്ധച്ചു നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. പരാതി ചീഫ് എഞ്ചിനിയർ എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് കൈമാറിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് നിരത്തു വഭാഗം അസിസ്റ്റന്റ് എൻജിനിയറോട് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറും നിർദേശം നൽകിയിട്ടുണ്ട്. തൊടുപുഴ-പാലാ റോഡിലെ കരിങ്കുന്നം നെല്ലാപ്പാറ വളവ് അപകട രഹിതമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ ടോം തോമസ് പൂച്ചാലിലാണ് മുഖ്യമന്ത്രിയ്ക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയത്.
പുനലൂർ- മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ തൊടുപുഴ- പാലാ റൂട്ടിലെ നെല്ലാപ്പാറ വളവിൽ വാഹനാപകടങ്ങൾ നിത്യസംഭവമായി മാറിയിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ക്ലീനർ മരിക്കുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തടി കയറ്റി വരുന്ന ലോറികളും ഇവിടെ പതിവായി അപകടത്തിൽപ്പെടുന്നുണ്ട്. കെ.എസ്.ടി.പി പദ്ധതിയിൽപെടുത്തി ആധുനിക രീതിയിലാണ് നിർമാണം നടത്തിയിരിക്കുന്നതെങ്കിലും ഇവിടെ വാഹനങ്ങൾ അപകടത്തിൽപെടുക പതിവാണ്. കൊടും വളവും കുത്തനെ ഇറക്കവുമുള്ള റോഡിന്റെ അലൈമെന്റിലെ അപകതയാണ് അപകടം പെരുകുന്നതിന് കാരണമാകുന്നത്. കഴിഞ്ഞ ദിവസം പൊതുമരാമത്ത്, റവന്യു, പൊലീസ് വിഭാഗങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ നെല്ലാപ്പാറയിലെത്തി കൂടുതൽ പരിണ്ടോധനകൾ നടത്തിയിരുന്നു.