തൊടുപുഴ: അൽ അസ്ഹർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിക്രമം നടത്തിയെന്ന പരാതിയിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂർക്കാട് താണിക്കുന്നേൽ ജോബിൻ (21), കുമാരമംഗലം ഉരിയരിക്കുന്ന് മേക്കുഴിക്കാട്ട് അഖിൽ (21), തൈമറ്റം വലിയപാറയിൽ വിനിൽകുമാർ (22) എന്നിവരെയാണ് തൊടുപുഴ പൊലീസ് പിടികൂടിയത്.
ബുധനാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം. പനി ബാധിതനായ സുഹൃത്തിനൊപ്പം രാത്രി പത്തോടെയാണ് ഇവർ ആശുപത്രിയിൽ എത്തിയത്. സുഹൃത്തിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ഇതിൽ പ്രകോപിതരായ യുവാക്കൾ വഴക്കുണ്ടാക്കി സുഹൃത്തുമായി മടങ്ങിപ്പോയി. പിന്നീട് പനിബാധിതനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മൂവരും അൽഅസ്ഹറിലേക്ക് തിരികെ വരികയും കമ്പിവടികൾ കൊണ്ട് രണ്ട് നഴ്‌സുമാരേയും മൂന്ന് സുരക്ഷാ ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു എന്നാണ് പരാതി.
സംഭവ ശേഷം ഒളിവിൽ പോയ ഇവരെ ഡിവൈ.എസ്.പി. കെ.സദന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുള്ളരിങ്ങാട് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ.ഷാഹുൽ ഹമീദ്, എ.എസ്.ഐ. ഷംസുദ്ദീൻ, സി.പി.ഒ. ഗണേഷ്, ജനലിൽ, ഡ്രൈവർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.