മുട്ടം: മലങ്കര തുരുത്തേൽ പാലത്തിന്റെ കൈവരി മൂടി കാടുകൾ വളർന്നിട്ടും അധികൃതർ വെട്ടിനീക്കുന്നില്ലെന്ന് പരാതി. തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയുടെ ഭാഗമായ ഈ പാലത്തിലൂടെ നിരവധി വാഹനങ്ങളാണ് കടന്ന് പോകുന്നത്. ഇടുങ്ങിയ പാലത്തിൽ ഒരേ സമയം ഒരു വശത്തേക്ക് മാത്രമേ വലിയ വാഹനങ്ങൾ കടന്നു പോകൂയുള്ളൂ. കാട് വളർന്ന് നിൽക്കുന്നതിനാൽ പാലത്തിന്റെ അതിര് ഡ്രൈവർമാർക്ക് കാണാൻ സാധിക്കില്ല. പാലം ഇടുങ്ങിയതായതിനാൽ പാലത്തിന്റെ വീതി കുറവ് മനസിലാക്കാൻ പാലത്തിനോട് ചേർന്ന് റിഫ്ളക്ടർ സ്ഥാപിച്ചിട്ടുണ്ട്. ഒരു വശത്തെ റിഫ്ളക്ടർ പൂർണമായും കാട് മൂടിയ നിലയിലാണ്. റിഫ്ളക്ടർ കാണാൻ കഴിയാത്തതിനാൽ രാത്രിയിൽ ഇതു വഴി സഞ്ചരിക്കുന്ന വാഹനത്തിന്റെ ഡ്രൈവർമാർക്ക് പാലത്തിന്റെ വീതി കുറവ് മനസിലാകില്ല. വഴി പരിചയം ഇല്ലാത്ത ഡ്രൈവർമാർക്ക് ഏറെ അപകട ഭീഷണിയാണ് പാലത്തിൽ വളർന്ന് നിൽക്കുന്ന കാട്. വാഹന ഗതാഗതത്തിന് തടസമായി നിൽക്കുന്ന പാലത്തിലെ കാട് വെട്ടിമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.