തൊടുപുഴ: ചെറിയ മഴ പെയ്താൽ പോലും തൊടുപുഴ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകുന്നതിന് ശാശ്വത പരിഹാരം കാണാൻ ദീർഘകാല- ഹ്രസ്വകാല പദ്ധതികൾ നടപ്പിലാക്കാൻ പി.ജെ. ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. വെള്ളക്കെട്ട് ഉണ്ടാവുന്നതിന് പ്രധാന കാരണം പൊതുമരാമത്ത് റോഡുകളിൽ നിന്ന് പുഴയിലേക്കുള്ള ചാലുകളുടെ അപര്യാപ്തതയും വീതിക്കുറവുമാണ്. ഇത് ഓടകളും തോടുകളും ഫുട്പാത്തുകളും കൈയേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിനാലാണെന്ന് യോഗം വിലയിരുത്തി. വെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ കലുങ്കുകളും ഓടകളുമുണ്ടെങ്കിലും ഒഴുക്ക് സുഗമമല്ല. ഇതിന് പരിഹാരം കാണണമെങ്കിൽ പുഴയിലേയ്ക്കുള്ള ഓടകളുടെ വീതി കൂട്ടണം. ഇതിനായി റീ സർവ്വേ പ്ലാനിലെ ഈ ചാലുകളുടെ സ്ഥിതി പരിശോധിക്കാൻ തൊടുപുഴ തഹസീൽദാറെയും റീ സർവേ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. പ്ലാനിൽ കാണുന്ന വീതി ഓടകൾക്കില്ലെങ്കിൽ കൈയേറ്റങ്ങളായി കണക്കാക്കി നഷ്ടപ്പെട്ട വീതി പുനഃസ്ഥാപിക്കും. തടസം കൂടാതെ വെള്ളം ഒഴുകാൻ സർക്കാർ സ്ഥലമില്ലെങ്കിൽ ആവശ്യമായ സ്ഥലം ഏറ്റെടുക്കും. പദ്ധതി രൂപീകരിക്കുന്നതിന് മുന്നോടിയായി മുനിസിപ്പൽ ചെയർമാന്റെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ 26ന് സ്ഥല പരിശോധന നടത്തും. പൊതുമരാമത്ത്, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും തഹസിൽദാരും റീസർവേ ഉദ്യോഗസ്ഥരും പങ്കെടുക്കും. മങ്ങാട്ടുകവല പോലുള്ള സ്ഥലങ്ങളിൽ പുഴയിലേയ്ക്ക് പുതിയ ചാലുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും.
പട്ടണത്തിലെ വെള്ളക്കെട്ട് മൂലം വ്യാപാരികൾക്ക് ഉണ്ടായ നഷ്ടങ്ങൾ അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ യോഗത്തിൽ വിശദീകരിച്ചു. നഗരസഭാ ചെയർമാൻ സനീഷ് ജോർജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ദീപക്, എം.എ. കരീം, ടി.എസ്. രാജൻ, ബിന്ദു പത്മകുമാർ, കൗൺസിലർ അഡ്വ. ജോസഫ് ജോൺ, തഹസിൽദാർ, പൊതുമരാമത്ത്, വാട്ടർ അതോറിട്ടി, വൈദ്യുതി ബോർഡ്, റീസർവ്വേ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ പങ്കെടുത്തു.

നടപടികൾ

 ഓടകളുടെയും തോടുകളുടെയും വീതി കൂട്ടും

 പുഴയിലേക്ക് പുതിയ ചാലുകൾ നിർമിക്കും

 കൈയേറിയ ഓടകൾ തിരിച്ചുപിടിക്കും

'അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കി ഓടകളുടെയും തോടുകളുടെയും ഒഴുക്ക് സുഗമമാക്കിയില്ലെങ്കിൽ വരുംവർഷങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകും. പുറമ്പോക്ക് ഭൂമി പലതും കൈയേറ്റക്കാരുടെ കൈകളിലായി. അനധികൃത നിർമ്മാണങ്ങൾ ഒഴിപ്പിക്കുന്നതിലൂടെ ഗതാഗതകുരുക്കിനും ഒരു പരിധിവരെ പരിഹാരം കാണാനാകും. ബന്ധപ്പെട്ട വകുപ്പുകളുടെ ക്രോഡീകരണത്തിലൂടെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു"

-സനീഷ് ജോർജ് (നഗരസഭാ ചെയർമാൻ)