edavetty
കൊക്കയാറിലെ ദുരിതബാധിതർക്ക് നൽകുന്നതിനായി ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ സ്വരൂപിച്ച അവശ്യവസ്ഥുക്കളടങ്ങിയ കിറ്റ് പ്രസിഡന്റ് ഷീജാ നൗഷാദ് കൈമാറുന്നു.

ഇടവെട്ടി: പ്രകൃതി ദുരന്തം മൂലം വീടും ഭൂമിയും നഷ്ടപ്പെട്ട കൊക്കയാറിലെ ദുരിത ബാധിതർക്ക് സഹായമെത്തിച്ച് ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ. താത്കാലികമായി താമസിക്കുന്ന ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങുന്നവർക്കായാണ് കുടുംബശ്രീയുടെ സഹായമെത്തുക. ദുരിതബാധിതർ ഭവനങ്ങളിലേക്ക് മടങ്ങി എത്തുമ്പോൾ അത്യാവശ്യമായി ഉപയോഗിക്കേണ്ട വസ്തുക്കളാണ് കുടുംബശ്രീ പ്രവർത്തകർ സ്വരൂപിച്ച് നൽകുന്നത്. ഇതിനായി ജില്ലാ കുടുബശ്രീ മിഷനിൽ നിന്നും അവശ്യ വസ്തുക്കളുടെ പട്ടിക ജില്ലയിലെ എല്ലാ സി.ഡി.എസുകൾക്കും നൽകിയിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളിൽ നിന്നും വാർഡ് തലത്തിൽ സ്വരൂപിക്കുന്ന പണം ഉപയോഗിച്ചാണ് സാധനങ്ങൾ വാങ്ങിയത്. അരി, സോപ്പ്, എണ്ണ, റൂം ക്ലീനർ, സാനിട്ടൈസർ, ഉപ്പ്, വിവിധയിനം മസാലപ്പൊടികൾ, പ്ലേറ്റ്, അരിപ്പ, തവി ഉൾപ്പെടെ അടുക്കള ഉപകരണങ്ങൾ, പേസ്റ്റ്, ബ്രഷ്, സാനിട്ടറി പാഡ് എന്നിവ ഉൾപ്പെടുത്തിയ 33 ഇനങ്ങളടങ്ങിയ കിറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. എല്ലാ വസ്തുക്കളും ഉൾപ്പെടുത്തിയ കിറ്റ് അതത് സി.ഡി.എസുകളിൽ നിന്ന് ജില്ലാ മിഷനിൽ നിന്നുള്ള വാഹനത്തിലെത്തി ശേഖരിക്കും. ഇവ കൊക്കയാർ സി.ഡി.എസ് ഓഫീസിലാണ് സൂക്ഷിക്കുക. ഇവിടെ നിന്ന് അർഹരായവരെ കണ്ടെത്തി കിറ്റ് കൈമാറും. ഇടവെട്ടി ഗ്രാമപഞ്ചായത്തിൽ നടത്തിയ ചടങ്ങിൽ പ്രസിഡന്റ് ഷീജാ നൗഷാദ് കുടുംബശ്രീ അംഗങ്ങളിൽ നിന്ന് കിറ്റ് ഏറ്റുവാങ്ങി ജില്ലാ മിഷന് കൈമാറി. യോഗത്തിൽ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ താഹിറ അമീർ, ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ മോളി ബിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലത്തീഫ് മുഹമ്മദ്, ബിൻസി മാർട്ടിൻ, സെകട്ടറി അബ്ദുൽ സമദ്, ഫിഷറീസ് കോഡിനേറ്റർ അമീർ വാണിയപ്പുരയിൽ, റിസോഴ്‌സ് പേഴ്‌സൺ മുഹമ്മദ് ഷിബിലി, സിഡിഎസ് ചെയർപേഴ്‌സൺ രാജമ്മ ബാബു, മെമ്പർ സെക്രട്ടറി യൂസഫ്, അക്കൗണ്ടന്റ് ഫൗസിയ എന്നിവർ സംസാരിച്ചു.