കുടയത്തൂർ: പഞ്ചായത്തിലെ ദുരിത ബാധിത പ്രദേശങ്ങളിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശനം നടത്തി. തുടർന്ന് പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് ഉഷ വിജയൻ, തഹസിൽദാർ, പഞ്ചായത്ത്‌ അംഗങ്ങൾ, പൊതുമരാമത്ത്. ജല വിഭവം, റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തകർന്ന റോഡുകൾ, സംരക്ഷണ ഭിത്തികൾ എന്നിവയുടെ അറ്റകുറ്റപണികൾ അടിയന്തരമായി ചെയ്യാൻ പൊതുമരാമത്ത് വകുപ്പിനെയും തോടുകളുടെ സൈഡ് കെട്ടാൻ ജലവിഭവവകുപ്പ് ഉദ്യോഗസ്ഥരെയും റോഡരികിലും മറ്റ് പൊതു സ്ഥലങ്ങളിലും അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടാൻ വനംവകുപ്പ്, റവന്യൂ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. വെള്ളം കയറാൻ സാധ്യതയുള്ള തോടരികിൽ താമസിക്കുന്നവർക്ക് സുരക്ഷിതമായി രാത്രിയിൽ താമസിക്കാൻ വേണ്ട സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷ വിജയൻ യോഗത്തിൽ അറിയിച്ചു.