ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഇന്നലെ വൈകിട്ട് ആറിന് 136 അടിയിലെത്തിയതോടെ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഡാമിന്റെ ചുമതലയുള്ള തമിഴ്നാട് പൊതുമരാമത്ത് അസി. എൻജിനിയറാണ് ആദ്യമുന്നറിയിപ്പ് നൽകിയത്. ഡാം തുറക്കേണ്ട ചുമതല തമിഴ്‌നാട് സർക്കാരിനാണ്. നിലവിൽ 3608 ഘനയടി ജലമാണ് അണക്കെട്ടിലേക്കൊഴുകിയെത്തുന്നത്. ഇതിൽ 2150 ഘനയടി തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് 138 അടിയിലെത്തുമ്പോൾ രണ്ടാമത്തെ മുന്നറിയിപ്പ് നൽകും.
140 അടിയിൽ ആദ്യത്തെയും 141ൽ രണ്ടാമത്തെയും ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിക്കും. അനുവദനീയമായ സംഭരണശേഷിയായ 142 അടിയെത്തുമ്പോൾ മൂന്നാം ജാഗ്രതാ നിർദ്ദേശത്തോടൊപ്പം ഷട്ടർ തുറക്കും. ഇന്നലെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 21.8 മില്ലിമീറ്റർ മഴ പെയ്തു. ഒരാഴ്ച മുമ്പ് കേന്ദ്ര ജല കമ്മിഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ച റൂൾകർവ് പ്രകാരം 21 മുതൽ 30 വരെ 137.75 അടി വരെ മാത്രമാണ് മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്താൻ അനുമതിയുള്ളത്. 136.75 അടിയെത്തുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ച് ഡാം തുറക്കേണ്ട നടപടി ആരംഭിക്കണം. എന്നാലിത് തമിഴ്‌നാട് പാലിക്കുമോയെന്നാണ് വ്യക്തമല്ല.
പ്രളയം നിയന്ത്രിക്കാൻ ഡാമുകളിൽ ഓരോ 10 ദിവസവും നിലനിറുത്താൻ കഴിയുന്ന ജലനിരപ്പാണ് റൂൾ കർവ്. മുല്ലപ്പെരിയാർ തുറന്നാൽ വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. നിലവിൽ 2398.16 അടിയിലാണ് ഇടുക്കിയിലെ ജലനിരപ്പ്.
2018ൽ തുറന്നത് പുലർച്ചെ
2018 ആഗസ്റ്റിൽ മഹാപ്രളയത്തിൽ ജലനിരപ്പ് 140 അടി പിന്നിട്ടപ്പോൾ പുലർച്ചെ 2.30നാണ് മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്നത്. ഈ സമയം ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിരിക്കുകയായിരുന്നു.
'മുന്നറിയിപ്പില്ലാതെ അർദ്ധരാത്രി ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് തേനി കളക്ടറെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്".
- ഷീബാ ജോർജ് , ഇടുക്കി ജില്ലാ കളക്ടർ