കുടയത്തൂർ: നീലക്കുറിഞ്ഞി പൂവിട്ട ചക്കിക്കാവ് മലനിരകൾ സംരക്ഷിക്കാൻ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് അധികൃതരുടെ ഇടപെടൽ. ഇത് സംബന്ധിച്ച് കുടയത്തൂർ പഞ്ചായത്ത് അധികൃതർക്ക് ജൈവ വൈവിധ്യ ബോർഡ് നിർദേശം നൽകി. എസ്.പി.സി.എ ഇടുക്കി ജില്ലാ സെക്രട്ടറി എം.എൻ. ജയചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുടയത്തൂർ പഞ്ചായത്ത് വിളിച്ചു ചേർത്ത ജൈവ വൈവിധ്യ സമിതി ഇത് സംബന്ധിച്ച് റിപ്പോർട്ട് ജൈവ വൈവിധ്യ ബോർഡിന് കൈമാറിയിരുന്നു. ചക്കിക്കാവിൽ കുറിഞ്ഞി പൂക്കൾ നശിപ്പിക്കരുതെന്ന ബോർഡ് സ്ഥാപിക്കൽ, പ്രദേശത്തെ തീപിടിത്തത്തിൽ നിന്നും സംരക്ഷിക്കാനുള്ള നടപടികൾ, പൂവിട്ടതിനെക്കുറിച്ച് ശാസ്ത്രീയമായി പഠനം നടത്താൻ വിഗദ്ധ സമിതിയെ നിയോഗിക്കൽ തുടങ്ങിയ കാര്യങ്ങൾ അടിയന്തരമായി ഇവിടെ നടപ്പിലാക്കും.