മുട്ടം: കോളപ്ര ഏഴാംമൈൽ ഭാഗത്ത് സംസ്ഥാന പാതയ്ക്കരികെ ഓട ഉണ്ടെങ്കിലും വെള്ളം ഒഴുകുന്നത് റോഡിലൂടെ. ശക്തമായ വെള്ളമൊഴുക്ക് കാരണം റോഡിൽ വിള്ളൽ വീണ് തകർച്ചയുടെ വക്കിലുമാണ്. സ്വകാര്യ വ്യക്തി വിൽപ്പനയ്ക്കായി ഹൗസ്‌പ്ലോട്ട് തിരിച്ചിട്ടിരിക്കുന്ന സ്ഥലത്തേക്ക് വാഹനങ്ങൾ കയറാൻ വേണ്ടി ഇവിടെ ഉണ്ടായിരുന്ന ഓട അടച്ച് റോഡ് പണിതത് ഏറെ വിവാദമായിരുന്നു. കാലങ്ങളോളം ഓട ഇല്ലാതെ റോഡിലൂടെയായിരുന്നു വെള്ളമൊഴുകിയിരുന്നത്. ഇത് സംബന്ധിച്ച് മാധ്യമ വാർത്തകൾ വന്നതിനെ തുടർന്ന് അധികൃതർ പ്രദേശത്ത് ഓട നിർമ്മിക്കാൻ തയ്യാറായി. എന്നാൽ ഹൗസ് പ്ലോട്ടിലേക്ക് വാഹനങ്ങൾ കയറാൻ സൗകര്യമൊരുക്കി റോഡിന്റെ അരികു വശം ചരിച്ച് കോൺക്രീറ്റ് ചെയ്ത് വെള്ളമൊഴുകുവാനുള്ള സൗകര്യം ഒരുക്കിയതാണ് ഇപ്പോൾ കെണിയായി മാറിയത്. വേണ്ടത്ര ആഴത്തിൽ ഓട നിർമ്മിക്കാത്തതിനാൽ മഴവെള്ളം വ്യാപകമായി റോഡിലൂടെ ഒഴുകി മറുവശത്ത് എത്തുകയാണ്. തുടർന്ന് റോഡിന്റെ സംരക്ഷണ ഭിത്തി വെള്ളത്തിന്റെ കുത്തൊഴുക്കിൽ എപ്പോൾ വേണമെങ്കിലും ഇടിയാവുന്ന അവസ്ഥയിലുമാണ്. സംസ്ഥാന പാതയുടെ തകർച്ചയ്ക്ക് കാരണമായേക്കാവുന്ന റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.