തൊടുപുഴ: പതിവുപോലെ ഇന്നലത്തെ മഴയിലും നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പി.ജെ. ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നഗരസഭയിൽ യോഗം തീർന്ന് ഒരു മണിക്കൂറിനം നഗരം വെള്ളത്തിലായി. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആരംഭിച്ച മഴ മൂന്നരവരെ തകർത്ത് പെയ്തു. മങ്ങാട്ടുകവല- കാരിക്കോട് റോഡ്, കെ.കെ.ആർ ജംഗ്ഷൻ, പ്രസ്‌ക്ലബ് റോഡ്, റോട്ടറി ജംഗ്ഷൻ, അമ്പലം ബൈപാസ്, വെങ്ങല്ലൂർ- മങ്ങാട്ടുകവല ബൈപാസ്, സ്വകാര്യ ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി, മോർ ജംഗ്ഷൻ, മണക്കാട് റോഡ്, മൗണ്ട് സീനായ് റോഡ്, വടക്കുംമുറി റോഡ് എന്നിവിടങ്ങളിലെല്ലാം നിമിഷ നേരത്തിനുള്ളിൽ വെള്ളം നിറഞ്ഞു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വെള്ളം കയറി. റോഡ് പുഴയായി മാറിയതോടെ വാഹനങ്ങൾ മുന്നോട്ട് പോകാനാകാതെ നഗരം ഗതാഗത കുരുക്കിലുമായി. നിറുത്തിയിട്ടിരുന്ന വാഹനങ്ങൾ വെള്ളം കയറി തകാറിലായി. കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുളത്തിനരികിലെ പ്രദക്ഷിണ വഴിയിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്ന്നു. മങ്ങാട്ടുകവലയിൽ ട്രാൻസ്‌ഫോർമർ വരെ വെള്ളമുയർന്നത് പരിഭ്രാന്തി പരത്തി. എന്നാൽ, ഹൈറേഞ്ചിലേക്ക് കാര്യമായ മഴ പെയ്തില്ല.
വെള്ളക്കെട്ടിൽ കുഞ്ഞിനെ രക്ഷിച്ച് ഫയർഫോഴ്സ്
തൊടുപുഴ: വെള്ലം കയറിയ വീട്ടിൽ നിന്ന് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ഫയർഫോഴ്സ് സുരക്ഷിതമായി മാറ്റി. ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത മഴയിലാണ് കെ.കെ.ആർ ജംഗ്ഷനിൽ നിന്ന് മങ്ങാട്ടുകവല നാലുവരി പാതയിലേക്ക് തിരിയുന്നിടത്ത് വെള്ളം ഉയർന്നത്. വൈകിട്ട് മൂന്നരയോടെ വീടുകളിലും വെള്ളം കയറി. ഒരു വീട്ടിൽ മൂന്ന് മാസം പ്രായമായ കുഞ്ഞുണ്ടായിരുന്നു. വെള്ളം വീണ്ടും ഉയർന്നതോടെ വീട്ടുകാർ ഭയന്നു. കുഞ്ഞുമായി വെള്ളത്തിലൂടെ പുറത്തേക്ക് പോകുന്നത് അപകടമാണെന്ന് മനസിലായതോടെ വീട്ടുകാർ അഗ്‌നിരക്ഷാസേനയെ വിളിക്കുകയായിരുന്നു. സേനയെത്തി കുട്ടിയെ പുറത്തെത്തിച്ചു.
അസി. സ്റ്റേഷൻ ആഫീസർ കെ.എം. നാസർ, സീനിയർ ഫയർ ആഫീസർമാരായ കെ.എ. ജാഫർഖാൻ, ടി.ഇ. അലിയാർ, ഫയർ ആഫീസർമാരായ നിധീഷ് ആർ, മുബാറക്ക്, ജിഷ്ണു, അയ്യൂബ്, സുനിൽ എം. കേശവൻ, ഹോംഗാർഡ് ബെന്നി എന്നിവർ നേതൃത്വം നൽകി.