മറയൂർ: സ്വകാര്യ ഭൂമികളിൽ നിന്ന് ചന്ദന മരങ്ങൾ വെട്ടി കടത്തിയ പ്രതികളിൽ ഒരാൾ കൂടി പിടിയിൽ. മിഷൻവയൽ സ്വദേശി കുട്ടിതമ്പി എന്ന് വിളിക്കുന്ന രാജേഷാണ് (30) പിടിയിലായത്. പോക്‌സോ കേസിൽ പരോളിലിറങ്ങി ഒളിവിൽ കഴിയുന്ന പ്രതിയാണ് ഇയാൾ. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വകാര്യ ഭൂമികളിൽ നിന്ന് ഇരുപതിലധികം ചന്ദനമരങ്ങളാണ് മോഷണം പോയത്. ഇതിന്റെ അന്വേഷണം ഊർജിതപ്പെടുത്തിയതോടെയാണ് മോഷ്ടാക്കൾ കുടുങ്ങിയത്. കഴിഞ്ഞദിവസം പിടികൂടിയ രാജാമണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ ശനിയാഴ്ച അതിരാവിലെ മിഷൻവയിൽ ഭാഗത്ത് ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് വനംവകുപ്പ് അധികൃതർ പിടികൂടിയത്. വീട്ടിനുള്ളിൽ നിന്ന് ചന്ദന കഷണങ്ങളും കണ്ടെടുത്തു. ഓമിനി കാറും കസ്റ്റഡിയിലെടുത്തു. ഇനിയും പ്രതികളെ കിട്ടാനുണ്ട്. പ്രതിയെ കാന്തല്ലൂർ റേഞ്ച് ആഫീസർ ആർ. അദീഷിന്റ നേതൃത്വത്തിൽ ഡെപ്യൂട്ടി റേഞ്ച് ആഫീസർമാരായ ജയചന്ദ്ര ബോസ്, ബിജു വി. ചാക്കോ, എസ്.എ.എഫ്.ഒമാരായ ജോമോൻ തോമസ്, മധു ദാമോദരൻ, രാമകൃഷ്ണൻ, പി.എ. ജോൺസൺ, ബി.എഫ്.ഒമാരായ പി. ജോൺസൺ, സജിത് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതിയെ വൈകിട്ടോടെ ദേവികുളം കോടതിയിൽ ഹാജരാക്കി.