ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിച്ചു ഡെപ്യൂട്ടി കളക്ടർമാരും ആർ.ഡി.ഒയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു
ഇടുക്കി: 126 വർഷം കഴിഞ്ഞ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടി കടന്നതോടെ ഡാമിന്റെ കീഴെയുള്ള പെരിയാർ നിവാസികളുടെ ആശങ്കയും അടിവച്ചുയരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ജലനിരപ്പ് 136 എത്തിയപ്പോൾ തമിഴ്‌നാട് പൊതുമരാമത്ത് അസി. എൻജിനിയർ കേരളത്തിന് ആദ്യമുന്നറിയിപ്പ് നൽകി. ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ 136.2 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. എത്രയും വേഗം ഡാമിന്റെ ഷട്ടറുകൾ തുറന്ന് ആശങ്കയൊഴിവാക്കണമെന്നാണ് പെരിയാർ നിവാസികളുടെ ആവശ്യം. നിലവിൽ വൃഷ്ടി പ്രദേശത്ത് മഴ കുറവായതിനാൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതിന്റെ ജലത്തിന്റെ അളവ് കുറവാണ്. നിലവിൽ 3608 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതിൽ 2150 ഘനയടി തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. 2018 ആഗസ്റ്റിൽ മഹാപ്രളയത്തിൽ ജലനിരപ്പ് 140 അടി പിന്നിട്ടപ്പോൾ പുലർച്ചെ 2.30ന് മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്നത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയിരുന്നു. ഈ സമയം ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിരിക്കുകയായിരുന്നു. മുന്നറിയിപ്പില്ലാതെ അർദ്ധരാത്രി ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് തേനി കളക്ടറെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ് പറഞ്ഞു.
റൂൾ കർവ് പാലിച്ചാൽ പ്രശ്നമില്ല
കഴിഞ്ഞ ആഴ്ച തമിഴ്‌നാട് നൽകിയ പുതിയ റൂൾ കർവ് കേന്ദ്ര ജല കമ്മിഷൻ അംഗീകരിച്ച് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതനുസരിച്ച് ഈ മാസം 21 മുതൽ 30 വരെ 137.75 വരെ മാത്രമാണ് മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്താൻ അനുമതിയുള്ളത്. ഇതിന് ഒരടി താഴെ 136.75 അടിയെത്തുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ച് ഡാം തുറക്കേണ്ട നടപടി ആരംഭിക്കേണ്ടതാണ്. പ്രളയം നിയന്ത്രിക്കാൻ ഡാമുകളിൽ ഓരോ 10 ദിവസവും നിലനിറുത്താൻ കഴിയുന്ന ജലനിരപ്പാണ് റൂൾ കർവ്. ഈ പരിധി കവിഞ്ഞാൽ ഡാം തുറക്കേണ്ടി വരും. മുല്ലപ്പെരിയാറിന് നേരത്തെ റൂൾ കർവ് ഉണ്ടായിരുന്നില്ല.
കൂടുതൽ ജലം കൊണ്ടുപോകണം
തമിഴ്‌നാടിനോട് കൂടുതൽ ജലം കൊണ്ട് പോകാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചു വെള്ളം സ്പിൽവേയിലൂടെ ഒഴുക്കി വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറിയെ ഇക്കാര്യങ്ങൾ അറിയിച്ചത്. ഡെപ്യൂട്ടി കളക്ടർമാരും ആർ.ഡി.ഒയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഡാം തുറക്കേണ്ടി വന്നാൽ ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. വാഹനങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.