മൂലമറ്റം: പ്രളയ‌ക്കെടുതി ബാധിച്ച പ്രദേശങ്ങൾ ജില്ലാ കളക്ടർ ഷീബാ ജോർജും സംഘവും സന്ദർശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ എത്തിയ സംഘം അറക്കുളം പഞ്ചായത്തിലെ മൂലമറ്റം താഴ് വാരം കോളനി, ജലന്തർ ഐ.എച്ച്.ഇ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ്, കണ്ണിക്കൽ സ്കൂളിലെ ക്യാമ്പ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. പിന്നീട് കുടയത്തൂർ പഞ്ചായത്ത് പ്രദേശങ്ങളും സന്ദർശിച്ച ശേഷം വെള്ളിയാമറ്റം പഞ്ചായത്തിലെ ക്രൈസ്റ്റ്‌കിംഗ് സ്കൂൾ, സെൻ്റ് ജോസഫ് എൽ.പി സ്കൂൾ പന്നിമറ്റം, തലയനാട് അഗ്രോ പ്രോസസിഗ് സെന്റർ എന്നീ സ്ഥലങ്ങളിലെ ക്യാമ്പുകളും മറ്റ് ദുരിതബാധിത പ്രദേശങ്ങളും സന്ദർശിച്ചു. ക്യാമ്പുകളിലെ ആളുകളെ കണ്ട് വിശദ വിവരങ്ങൾ തിരക്കി. ദുരിത സ്ഥലങ്ങളിലൂടെ വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ച് പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ചോദിച്ച് അറിഞ്ഞു. തൊടുപുഴ ഡെപ്യൂട്ടി തഹസീൽദാർമാരായ ഒ.എസ്. ജയകുമാർ, സ്വപ്ന എസ്. നായർ, ഇലപ്പള്ളി, അറക്കുളം, കുടയത്തൂർ, വെള്ളിയാമറ്റം വില്ലേജ് ആഫീസർമാർ, അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ്, മെമ്പർമാരായ കെ.എൽ. ജോസഫ്, ടോമി വാളികുളം വിവിധ രാഷ്ടീയ പ്രവർത്തകർ എന്നിവരും കളക്ടറോടൊപ്പം സ്ഥലങ്ങൾ സന്ദർശിച്ചു.