തൊടുപുഴ: പെരുംമഴയിൽ കാരിക്കോട് ഭഗവതി ക്ഷേത്രം വക കുളത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ശക്തമായ മഴയിൽ മങ്ങാട്ടുകവല ഭാഗത്തു നിന്ന് കാരിക്കോട് തോട്ടിൽ ചേരുന്ന കൈത്തോട് നിറഞ്ഞ് കുളത്തിലേക്ക് വെള്ളം കേറുകയായിരുന്നു. തുടർന്ന് സംരക്ഷണഭിത്തിയുടെ ഇഷ്ടികകൊണ്ടു നിർമ്മിച്ചിരുന്ന ഭാഗം ഇടിഞ്ഞ് കുളത്തിൽ പതിക്കുകയായിരുന്നു. സമീപത്തെ നടപ്പാതയും ശിവന്റെ ശ്രീകോവിലും ഇതോടെ ഭീഷണിയിലായി. നടപ്പാതയിലൂടെ ഭക്തരുടെ പ്രവേശനം വിലക്കിയിട്ടുണ്ട്. മണ്ണിടിഞ്ഞു പോയതിനാൽ കൂടുതൽ മഴ എത്തിയാൽ കൂടുതൽ നാശം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ക്ഷേത്രം ഭാരവാഹികൾ. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മുമ്പും ക്ഷേത്രത്തിൽ വെള്ളം കയറിയിട്ടുണ്ടെങ്കിലും നഷ്ടങ്ങൾ കാര്യമായി ഉണ്ടായിരുന്നില്ല.