റൂൾ ലെവൽ അനുസരിച്ച് 137.75 അടിയിൽ ഷട്ടർ തുറക്കാൻ നടപടിയില്ല
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഈ മാസം 137.75 അടിയിലെത്തിയാൽ വെള്ളം
തുറന്നു വിടണമെന്ന കേന്ദ്ര ജലകമ്മിഷന്റെ നിർദ്ദേശം പാലിക്കാതെ, തമിഴ്നാട് പരമാവധി ഉയർത്തുന്നതിൽ കേരളത്തിന് ആശങ്ക. ഒക്ടോബർ 20- 30 വരെ ഉയർത്താവുന്ന ജലനിരപ്പ് ഇത്രയുമാണെന്ന് തമിഴ്നാട് തന്നെ ജല കമ്മിഷന് സമർപ്പിച്ച റൂൾ ലെവലാണ് അവർ അട്ടിമറിക്കുന്നത്. പ്രളയം നിയന്ത്രിക്കാൻ ഡാമുകളിൽ ഓരോ 10 ദിവസവും നിലനിറുത്താൻ കഴിയുന്ന ജലനിരപ്പാണ് അപ്പർ റൂൾ ലെവൽ. തമിഴ്‌നാട് നൽകിയ റൂൾ ലെവൽ ജല കമ്മിഷൻ അംഗീകരിച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഇതുപ്രകാരം, ജലനിരപ്പ് 136.75 അടിയാകുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കണം. എന്നാൽ, 142 അടിയാക്കി ഉയർത്തി അണക്കെട്ട് സുരക്ഷിതമാണെന്ന് ബോദ്ധ്യപ്പെടുത്താനാണ് തമിഴ്നാടിന്റെ ശ്രമം.
മറ്റ് വലിയ അണക്കെട്ടുകൾക്കെല്ലാം റൂൾ ലെവലുണ്ടെങ്കിലും മുല്ലപ്പെരിയാറിനുണ്ടായിരുന്നില്ല. അതിനാൽ, തമിഴ്നാടിന് തോന്നിയ അളവുവരെ ജലം സംഭരിക്കാനും കൃത്യമായ മാനദണ്ഡങ്ങളില്ലാതെ വെള്ളമൊഴുക്കാനും കഴിയുമായിരുന്നു. കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് നൽകിയ ഹർജിയിലാണ് റൂൾ ലെവലും, ഷട്ടർ പ്രവർത്തന മാർഗരേഖയുണ്ടാക്കാനും സുപ്രീംകോടതി മാർച്ച് 16ന് ഉത്തരവിട്ടത്. തുടർന്ന് തമിഴ്നാട് ജൂൺ 10 മുതൽ നവംബർ 30വരെയുള്ള റൂൾ ലെവൽ ജലകമ്മിഷന് സമർപ്പിച്ചു. ഇതുപ്രകാരം വർഷത്തിൽ രണ്ട് തവണ (സെപ്തംബർ 20നും നവംബർ 30നും) ജലനിരപ്പ് 142 അടിവരെ ഉയർത്താം. മുല്ലപ്പെരിയാറിന് മാത്രം രണ്ടുതവണയാക്കുന്നത് പ്രളയത്തിന് കാരണമാവുമെന്ന കേരളത്തിന്റെ വാദം അംഗീകരിക്കാതെ, ജലകമ്മിഷൻ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു. കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. മറുപടി നൽകാൻ കേരളം നാലാഴ്ച സാവകാശം തേടിയിട്ടുണ്ട്.
'' സെപ്തംബർ 20നും നവംബർ 30നും 142 അടിവരെ ഉയർത്താൻ അനുമതിയുള്ള റൂൾലെവൽ കേരളത്തിന് അംഗീകരിക്കാനാകില്ല.
-അലക്‌സ് വർഗീസ്,
ചീഫ് എൻജിനിയർ
137 അടി
ജലനിരപ്പ് 137 അടിയായി ഉയർന്നു. 138ലെത്തിയാൽ രണ്ടാമത്തെ മുന്നറിയിപ്പ് നൽകും. സെക്കൻഡിൽ 5700 ഘനയടി ജലമാണ് ഒഴുകിയെത്തുന്നത്. വൈഗ അണക്കെട്ടിലേക്ക് തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് സെക്കൻഡിൽ 2200 ഘനയടിയായി ഉയർത്തി.
തമിഴ്നാട് ചെയ്യുന്നത്
140 അടിയിൽ ആദ്യത്തെയും 141ൽ രണ്ടാമത്തെയും ജാഗ്രതാ നിർദ്ദേശം. 142ലെത്തുമ്പോൾ മൂന്നാമത്തേത്. ഒപ്പം ഷട്ടർ തുറന്ന് ജലമൊഴുക്കും.
തമിഴ്നാട് ചെയ്യേണ്ടത്
ജലനിരപ്പ് 136.75 അടിയാകുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ച് ഡാം തുറക്കാനുള്ള നടപടികൾ ആരംഭിക്കണം. ഇപ്പോഴത്തെ റൂൾ ലെവലായ 137.75 അടിയിലെത്തുമ്പോൾ ഷട്ടർ തുറന്ന് വെള്ളമൊഴുക്കണം
റൂൾലെവൽ
(തീയതി , ലെവൽ)
₹ജൂൺ 10,20,30- 136
₹ജൂലായ് 10- 136.30, 20- 136.60, 31- 137
₹ആഗസ്റ്റ് 10- 137.50, 20- 138.40, 31- 139.80
₹സെപ്തം. 10- 140.90, 20- 142.00, 30- 140
₹ഒക്ടോബർ 10- 138.50, 20- 137.75, 31- 138
₹നവംബർ 10- 139.50, 20- 141.00, 30- 142