തൊടുപുഴ: ജില്ലയിൽ ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ പ്രത്യേക ചുമതയയുള്ള ഡെപ്യൂട്ടി കളക്ടറെ നിയമിക്കുന്നതിന് സർക്കാർ അനുമതി നൽകിയതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. 2018 ലെ മഹാ പ്രളയത്തിന് ശേഷം കേരളത്തിൽ എല്ലാ ജില്ലകളിലും സർക്കാർ ഡിസാസ്റ്റർ മാനേജ്‌മെന്റിന് പ്രത്യേക ഡെപ്യൂട്ടി കളക്ടറെ നിയമിച്ചെങ്കിലും കേരളത്തിൽ ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടുക്കി യിൽ സർക്കാർ അതിന് തയ്യാറായില്ല. 2019 ജൂലായിലും പിന്നീട് 2020 ഓഗസ്റ്റിലും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്ത് നൽകിയിരുന്നുവെങ്കിലും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായില്ല. 365 ദിവസവും ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുവേണ്ടി ഫലപ്രദമായ ഇടപെടലാണ് ഇടുക്കിയിൽ ആവശ്യമായിട്ടുള്ളതെന്നും ജില്ലാ കളക്ടർക്ക് ചുമതല നൽകിയാൽ ഫലപ്രദമായ ഇടപെടൽ സാധിക്കുകയില്ലായെന്നും എം.പി. പറഞ്ഞു. കളക്ടറുടെ ജോലിഭാരവും ഉദ്യോഗസ്ഥരുടെ അഭാവവും ഈ മേഖലയിൽ കൂടുതൽ ദുരന്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുമെന്നതും കണക്കിലെടുത്ത് ഒരു ദിവസം പോലും വൈകാതെ അടിയന്തരമായി ഡെപ്യൂട്ടി കളക്ടറെ നിയമിക്കണം എന്ന് ആവശ്യപ്പെട്ടാണ് എംപി കത്ത് നൽകിയത്. ഇടുക്കി ജില്ലയിൽ 2018ലെ മഹാപ്രളയുവും 2020ലെ 80 പേരോളം മരണപ്പട്ട പെട്ടിമുടി ദുരന്തവും ഈ വർഷത്തെ 7 പേർ മരണമടഞ്ഞ കൊക്കയാർ ദുരന്തവും ഉണ്ടായതിന് ശേഷമാണ് സർക്കാർ ഈ വിഷയത്തിന്റെ അടിയന്തിര ആവശ്യകത മനസിലാക്കിയെന്നും ഇക്കാര്യത്തിൽ സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതായും എം.പി. പറഞ്ഞു. ജില്ലയിൽ ഒരു ഡെപ്യൂട്ടി കളക്ടർ, ഒരു ജൂനിയർ സൂപ്രണ്ട്, 3 ക്ലാർക്ക്, എന്നീ തസ്തികകൾ അടിയന്തിരമായി സൃഷ്ടിക്കുന്നതിനും ഡിസാസ്റ്റർ മാനേജ്‌മെന്റിന് ഒരു വാഹനവും സർക്കാർ അനുവദിച്ച് ഫയൽ റവന്യൂ വകുപ്പിന് കൈമാറിയതായും എം.പി.പറഞ്ഞു.