കുമളി: കൃഷിയിടത്തിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. കുമളി സ്പ്രിംഗ്‌വാലി കാരക്കാട്ടിൽ ജോർജിനാണ് (63) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. രാവിലെ തന്റെ കൃഷിയിടത്തിൽ പണിക്കായി ഇറങ്ങിയതായിരുന്നു ജോർജ്. ഈ സമയത്ത് കൃഷിയിടത്തിൽ നിന്നിരുന്ന കാട്ടുപോത്ത് പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന മരത്തോട് ചേർത്തുവച്ചാണ് ജോർജിനെ കാട്ടുപോത്ത് കുത്തിപ്പരിക്കേൽപ്പിച്ചത്.
. ജോർജിന്റെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവരും വീട്ടുകാരും ഓടിയെത്തി എത്തി ബഹളം വച്ചതോടെ കാട്ടുപോത്ത് പിന്തിരിയുകയായിരുന്നു. തുടർന്ന് അവശനായി നിലത്തുവീണ കിടന്നിരുന്ന ജോർജിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സ്പ്രിങ്‌വാലിയിൽ വന്യമൃഗശല്യം രൂക്ഷം
പെരിയാർ കടുവാ സങ്കേതത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കാർഷിക മേഖലയായ പ്രദേശമാണ് സ്പ്രിങ് വാലി. ഈ പ്രദേശങ്ങളിൽ ആന, കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം പതിവാണ്. വന്യമൃഗങ്ങൾ ഇറങ്ങി കാർഷികവിളകൾ നശിപ്പിക്കുന്നതും ആളുകൾക്ക് നേരെ ആക്രമണം നടത്തുന്നതും പതിവാണ്. ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് നാട്ടുകാർ വനംവകുപ്പിന് നൽകിയിട്ടുള്ളത്. എന്നാൽ വനംവകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കാൻ ഇനിയും തയ്യാറായിട്ടില്ല. ഇതാണ് വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങാനും കാർഷിക വിളകൾ നശിപ്പിക്കാനും കാരണമാകുന്നത്. വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയുന്നതിനു വേണ്ടി വൈദ്യുതി വേലിയും കിടങ്ങും ഉൾപ്പെടെയുള്ളവ നിർമ്മിക്കണമെന്ന കർഷകരുടെ ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഇവ നിർമ്മിച്ച് ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പു വരുത്താൻ വനം വകുപ്പ് ഇനിയും തയ്യാറായിട്ടില്ല.