രാജാക്കാട്: തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് വീടിന്റെ മുറ്റമിടിഞ്ഞു. രാജകുമാരി നോർത്തിലെ ചൂണ്ടാനിക്കുന്നേൽ ചാക്കോച്ചന്റെ വീടാണ് അപകടാവസ്ഥയിലായത്. അടിത്തറയിൽ നിന്ന് മണ്ണൊലിച്ച് പോയിട്ടുണ്ട്. ഹോളോബ്രിക്‌സ് കൊണ്ടുനിർമിച്ച വീടിന്റെ ഭിത്തി ഇതിനെ തുടർന്ന് വിണ്ടു കീറി. 2007ൽ പഞ്ചായത്ത് പണി കഴിപ്പിച്ച് കൊടുത്ത വീടാണിത്. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ഇവർക്ക് ആകെയുള്ള അഞ്ച് സെന്റ് സ്ഥലത്തിന് പട്ടയവും ലഭിച്ചിട്ടില്ല. പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഇവരെ മറ്റൊരു വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. സുരക്ഷിതമായൊരു വാസസ്ഥലത്തിനായി കാത്തിരിക്കുകയാണ് ചാക്കോച്ചനും കുടുംബവും.