രാജാക്കാട്: തുടർച്ചയായി കനത്ത മഴ പെയ്യുന്നത് ഏലം കർഷകർക്ക് തിരിച്ചടിയാകുന്നു. തുടർച്ചയായ മഴയിൽ ഏലച്ചെടിയുടെ ശരം ചീയുന്നതും അഴുകൽ രോഗവും വർദ്ധിച്ചിട്ടുണ്ട്. ഇത് കർഷകർക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്. കൂടിയ വില കൊടുത്ത് വളവും കീടനാശിനികളും വാങ്ങി ഉപയോഗിച്ചിട്ടും അഴുകലിൽ നിന്ന് കരകയറ്റമില്ല. ശരങ്ങളും ചിമ്പും അഴുകി നശിക്കുകയാണ്. ഒരു സീസണിൽ ഏഴ് തവണ വരെ ഏലക്കായ് ലഭിച്ചക്കൊണ്ടിരുന്ന ഏലത്തട്ടകളിലാണ് ശരംചീയൽ ഉണ്ടായിരിക്കുന്നത്. ഇതിനൊപ്പമുള്ള ഏലക്കായുടെ വിലയിടിവും കൂനിമ്മേൽ കുരുവായി മാറി.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തവർ തിരിച്ചടക്കാനാകാതെ വിഷമിക്കുകയാണ്. ഒരു ലക്ഷം രൂപ വരെ ഒരേക്കർ സ്ഥലത്തിന് വാടക നൽകി ഏലം കൃഷി ചെയ്യിരുന്ന കർഷകരും ഇപ്പോൾ കടക്കെണിയിലാണ്. ഇങ്ങനെയുള്ള കർഷകരെ ദ്രോഹിക്കുന്ന നിലപാടാണ് വിൽപന നികുതി വകുപ്പ് തുടരുന്നത്. കർഷകർ ഉത്പാദിപ്പിച്ച ഏലയ്ക്കാ ലേല കേന്ദ്രത്തിലെത്തിക്കാൻ പോലും ഈ ഉദ്യോഗസ്ഥർ സമ്മതിക്കുന്നില്ല. കർഷകരെ അകാരണമായി ദ്രോഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് കർഷകർ.