വാഗമൺ: നാരകക്കുഴിയിൽ നിർമാണം നിലച്ച പാലത്തിന്റെ തൂണിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പാലം നിർമാണം ഉടൻ പൂർത്തിയാക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം . നാരകക്കുഴി സ്വദേശി ജോൺസനാണ് പാലത്തിന്റെ തൂണിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. വാഗമൺ പൊലീസും ജനപ്രതിനിധികളും യുവാവിനെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. 2017ൽ അഴുത ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം അനുവദിച്ചു. ഏഴര ലക്ഷം രൂപയ്ക്ക് കരാറെടുത്തയാൾ 2 തൂണുകൾ മാത്രം നിർമിച്ച് പണി അവസാനിപ്പിച്ചു. ആകെയുണ്ടായിരുന്ന സഞ്ചാരമാർഗ്ഗമായ ചെറിയ പാലവും പൊളിച്ചുനീക്കിയിരുന്നു. മഴകനത്താൽ മറുകര എത്താൻ ഇവിടെയുള്ളവർക്ക് വേറെ വഴിയില്ല. കഴിഞ്ഞ പ്രളയത്തിൽ റോഡും തകർന്നു. ഇതോടെയാണ് ജോൺസൻ 30 അടി ഉയരമുള്ള തൂണിന് മുകളിൽ കയറിയത്. ജില്ലാ കളക്ടറോ, എംഎൽഎ യോ സ്ഥലത്ത് എത്തണമെന്നായിരുന്നു ആവശ്യം. പാലം നിർമാണത്തിന് ഉടൻ ഫണ്ട് അനുവദിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗവും വാർഡ് മെമ്പറും ഉറപ്പ് നൽകിയതിന് ശേഷമാണ് യുവാവ് താഴെ ഇറങ്ങിയത്. ബ്ലോക്ക് പഞ്ചായത്തംഗം ശ്രുതി പ്രദീപ്, ഏലപ്പാറ പഞ്ചായത്തംഗങ്ങളായ പ്രദീപ് കുമാർ, ഷൈൻ കുമാർ എന്നിവരെത്തിയാണ് യുവാവുമായി സംസരാരിച്ചത്.