തൊടുപുഴ: ജില്ലാ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ തകർക്കാൻ ആശുപത്രിയിലെ ഏതാനും ചില ജീവനക്കാർ ഗൂഢസംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതായി ആരോപണം. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാർമുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, വിജിലൻസ് ഡയറക്ടർ, കളക്ടർ എന്നിവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്. തൊടുപുഴ നഗരസഭ, സമീപ പ്രദേശത്തുള്ള 30 ൽപരം പഞ്ചായത്തുകൾ എന്നിവടങ്ങളിലെ ആയിരക്കണക്കിന് ജനങ്ങളാണ് വിവിധ ചികിത്സ തേടി തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിത്യവും എത്തുന്നത്. എന്നാൽ ജില്ലാ ആശുപത്രിയിലെ ഏതാനും ചില ഡോക്ടർമാരും മറ്റ് ജീവനക്കാരും സംഘം ചേർന്ന് ആശുപത്രിയുടെ പ്രവർത്തനങ്ങളെ തകർക്കാൻ ശ്രമിക്കുന്നതായിട്ടാണ് ഇവിടെ ചികിത്സ തേടി എത്തുന്നവർപറയുന്നത്. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ, ജനപ്രതിനിധികൾ, നബാർഡ്, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ഫണ്ട് മുടക്കി ആശുപത്രിയുടെ അസിസ്ഥാന സൗകര്യ വികസനത്തിനും മറ്റ് സാങ്കേതിക മേഖലകളുടെ ഉന്നമനത്തിനും വേണ്ടി ഓരോ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമ്പോഴാണ് ഇതിന് എതിരായി ഗൂഢ സംഘങ്ങളുടെ പ്രവർത്തനം.

ഡോക്ടറുടെ കുറിപ്പ്

"കുറുപ്പിന്റെ കുറുപ്പ്"

അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുള്ള ഡോക്ടർ മരുന്നിന് കുറുപ്പ് എഴുതിയാലും ഫാർമസിയിൽ നിന്ന് അത് കൃത്യമായി കിട്ടുന്നില്ല. ഫാർമസിയുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകിട്ട് 7.30 വരെയാണ്. എന്നാൽ ചില ദിവസങ്ങളിൽ ഉച്ചക്ക് ശേഷം 4 വരെയാണ് ഫാർമസി പ്രവർത്തിക്കുന്നത്. ഫാർമസി അടച്ച് പൂട്ടിയ കാര്യം അറിയാതെ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ മരുന്നിന് കുറിപ്പ് എഴുതും. എന്നാൽ രോഗികൾ ഫാർമസിയിൽ എത്തുമ്പോഴാകും ഫാർമസി അടച്ച കാര്യം അറിയുന്നത്. ഇത് സംബന്ധിച്ച് മരുന്നിന് കുറിപ്പ് എഴുതിയ ഡോക്ടറെ വിവരം അറിയിച്ചാൽ ഫാർമസിയുടെ സമയം വൈകിട്ട് 7.30 വരെയാണ് എന്ന ഒഴുക്കൻ മറുപടി മാത്രമാകും കിട്ടുന്നത്. സമയം കഴിയുന്നതിന് മുൻപ് ഫാർമസി അടച്ച് പൂട്ടിയ കാര്യം അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ, നഴ്സ്, ചീട്ട് എഴുതുന്ന ജീവനക്കാർ എന്നിവർ പോലും അറിയുന്നില്ല.

വാക്കേറ്റം പതിവ്

അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ കുറിപ്പ് പ്രകാരം ഫാർമസിയിൽ നിന്ന് മരുന്ന് കിട്ടാത്തതിനെ തുടർന്ന് ചിലയവസരങ്ങളിൽ രോഗികൾ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാകുന്നതും നിത്യ സംഭവങ്ങളാണ്. ഇതേ തുടർന്ന് ഡോക്ടർമാർ അത്യാഹിത വിഭാഗത്തിൽ നിന്ന് മരുന്ന് നൽകാൻ ഡ്യൂട്ടി നഴ്സിനോട് ആവശ്യപ്പെട്ടാലും അവർ നൽകില്ല. മരുന്നൊക്കെ ഫാർമസിയിൽ നിന്ന് മാത്രമേ കൊടുക്കൂ എന്ന നിലപാടിൽ തന്നെ അവർ ഉറച്ച് നിൽക്കും. അവശതയായതിനെ തുടർന്ന് മരുന്ന് വാങ്ങാൻ എത്തിയ രോഗിയുടെ അവസ്ഥ ഇതോടെ കൂടുതൽ വഷളാകും. കഴിഞ്ഞ ദിവസം ഇടവെട്ടിയിൽ നിന്ന് പനിയും ചുമയും കൂടുതലായി മരുന്ന് വാങ്ങാൻ വന്ന രോഗിക്ക് ഇത്തരത്തിൽ ഒരു അനുഭവം ജില്ലാ ആശുപത്രിയിൽ നിന്നുണ്ടായി.

ജീവനക്കാർക്ക് അവധി ആഘോഷം

ഉന്നത ഉദളോഗസ്ഥരടക്കം ഡോക്ടർമാരും മറ്റ് ജീവനക്കാരും മിക്കവാറും ദിവസങ്ങളിൽ അവധിയാണ്. ആരൊക്കെ ഡ്യൂട്ടിയിൽ ഉണ്ടെന്ന കാര്യം ഓരോ സെക്ഷൻ വിഭാഗത്തിനും അറിയില്ല. ഇത്തരം കാര്യങ്ങൾ ഇവിടെ വർഷങ്ങളായിട്ടുള്ള സംഭവങ്ങളാണ്.