ഇടുക്കി : കാലവർഷക്കെടുതിയിൽ ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ പ്രാഥമികകണക്കെടുപ്പ് പൂർണ്ണമായപ്പോൾ 183 കോടി നഷ്ടം വിവിധ മേഖലകളിലായി ഉണ്ടായതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഒക്ടോബർ 16 നുണ്ടായ അതിതീവ്രമായ മഴയിലും തുടർന്ന് വിവിധ സ്ഥലങ്ങളിലുണ്ടായ ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയിൽ മാത്രമുള്ള കണക്കാണിത്. ഈ ദുരന്തത്തിൽ ആകെ 12 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.119 വീടുകൾ പൂർണ്ണമായും 391 വീടുകൾ ഭാഗികമായും തകർന്നു. വിവിധ സ്ഥലങ്ങളിൽ റോഡുകൾ തകർന്നു. നാശനഷ്ടം സംഭവിച്ച വിശദമായ കണക്കെടുപ്പ് നടന്നു വരുന്നതായി ജില്ലാ കളക്ടർ ഷീബ ജോർജ് പറഞ്ഞു.

മരണംപന്ത്രണ്ട്

പ്രകൃതി ക്ഷോഭത്തിൽ ആകെ 12 പേരാണ് മരണമടഞ്ഞത്. കൊക്കയാർ ഉരുൾ പൊട്ടലിൽ അമ്‌ന സിയാദ് (7), അഫ്‌സാന ഫൈസൽ (8), അഫിയാൻ ഫൈസൽ (4), ഷാജി ചിറയിൽ (55), ഫൗസിയ സിയാദ് (28), അമീൻ സിയാദ് (10), സച്ചു ഷാഹുൽ (7).ഒഴുക്കിൽ പെട്ട് പീരുമേട് താലൂക്കിലെ ജോജോ വടശ്ശേരിൽ (44), കൊക്കയാർ വില്ലേജിൽ ആൻസി ബാബു (50), ചേലപ്ലാക്കൽ എന്നിവരും തൊടുപുഴയിൽ വാഹനം വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി ഉണ്ടായ അപകടത്തിൽ കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശി നിഖിൽ ഉണ്ണികൃഷ്ണൻ (29) മൂവാറ്റുപുഴ സ്വദേശി നിമ വിജയൻ (31) എന്നിവരും ഉടുമ്പൻചോല പൂപ്പാറയിൽ ഒഴുക്കിൽ പെട്ട് മോഹനൻ (62) എന്നിവരാണ് മരിച്ചത്.
151.34 ഹെക്ടറിൽ

പ്രാഥമിക കണക്കുകൾ പ്രകാരം 151.34 ഹെക്ടർ പ്രദേശത്തെ വിള നാശമാണ് രേഖപ്പെടുത്തിയത്. 4194 കർഷകരെയാണ് ഇത് ബാധിച്ചിട്ടുള്ളത്. ആകെ ഏഴു കോടി മൂന്ന് ലക്ഷത്തി അൻപത്തിനാലായിരം രൂപയുടെ നാശനഷ്ടമാണ് തിട്ടപ്പെടുത്തിയത്.

10,92,300 രൂപയുടെ നാശനഷ്ടമാണ് മൃഗ സംരംക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്.
ജില്ലയിൽ പി.ഡബ്ല്യു.ഡി റോഡുകൾക്കുണ്ടായ ഏകദേശ നാശനഷ്ടം 55 കോടി രൂപയാണ്.
99.4 കോടി രൂപയുടെ നാശനഷ്ടം ചെറുകിട ജലസേചന വകുപ്പിന് ഉണ്ടായിട്ടുള്ളത്. കൂടാതെ സംരക്ഷണ ഭിത്തി തകർന്നു പോയതിൽ 569,40,000 രൂപയടെ നാശനഷ്ടം നേരിട്ടിട്ടുള്ളതാണ്. കുടിവെള്ള പദ്ധതികൾക്കായി വാട്ടർ അതോറിറ്റിക്ക് ആകെ 1,19,49,000 രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

വീടുകൾ നശിച്ചത്


119 വീടുകൾക്ക് പൂർണ്ണമായും 391 വീടുകൾക്ക് ഭാഗികമായും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളതായി പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളതാണ്. ഇവയുടെ നാശനഷ്ടം കണക്കാക്കി വരുന്നു. ഇതിന്റെ ഏകദേശ നഷ്ടം 15 കോടി രൂപയാണ്. പീരുമേട് താലൂക്ക് പൂർണം 100 , ഭാഗികം 256 ,ഇടുക്കി താലൂക്ക് ഭാഗികം 28 , തൊടുപുഴ താലൂക്ക് പൂർണ്ണം 19 ഭാഗികം 105, ഉടുമ്പൻചോല താലൂക്ക് ഭാഗികം 2

ജില്ലയിൽ നിലവിൽ 32 ദുരിതാശ്വാസ ക്യാമ്പുകളിലായി 651 കുടുംബങ്ങളിലെ 2146 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതിൽ ഇടുക്കി ഡാം തുറന്നത് സംബന്ധിച്ച് തുടങ്ങിയ 2 ക്യാമ്പുകൾ ഉൾപ്പെടുന്നു.

തുറന്ന ഡാമുകൾ

നിലവിൽ മലങ്കര ഡാമിന്റെ 6 ഷട്ടറുകൾ , കുണ്ടള ഡാമിന്റെ 2 ഷട്ടറുകൾ, മാട്ടുപ്പെട്ടി ഡാമിന്റെ ഒരു ഷട്ടർ, കല്ലാർകുട്ടി ഡാമിന്റെ സ്ലൂയിസ് വാൽവ് 2 എണ്ണം, ലോവർ പെരിയാർ ഡാമിന്റെ 2 ഷട്ടറുകൾ, പൊൻമുടി ഡാമിന്റെ ഒരു ഷട്ടർ എന്നിവയും ചെറുതോണി ഡാമിന്റെ ഒരു ഷട്ടറും തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി കൊണ്ടിരിക്കുന്നു.