velliyamattam
സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം വെള്ളിയാമറ്റം പഞ്ചായത്തിലെ കറുകപ്പള്ളി ഹോമിയോ ഡിസ്‌പെൻസറിയിൽ പ്രസിഡന്റ് ഇന്ദു ബിജു നിർവഹിക്കുന്നു

തൊടുപുഴ: ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ബൂസ്റ്റർ മരുന്ന് വിതരണം ജില്ലയിൽ ആരംഭിച്ചു. ഇന്നും നാളെയും കൂടി രാവിലെ 9 മണി മുതൽ വൈകിട്ട് 4 വരെ എല്ലാ ഹോമിയോ ആശുപത്രികളിൽ നിന്നും ഡിസ്‌പെപെൻസറികളിൽ നിന്നും മരുന്ന് ലഭ്യമാകും.

ജില്ലയിൽ ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് മൂന്ന് ദിവസത്തിനുള്ളിൽ മരുന്ന് വിതരണം ചെയ്യുമെന്ന് ജില്ലാ ഹോമിയോ ഡിഎംഓ ഡോ. ബീന സക്കറിയ പറഞ്ഞു. ജില്ലയിൽ ഹോമിയോ വകുപ്പുമായി ബന്ധപ്പെട്ട 66 ഗവ.സ്ഥാപനങ്ങളിലും സ്‌കൂളുകളിൽ പ്രത്യേകം തയ്യാറാക്കിയ 11 കേന്ദ്രങ്ങളിലും മരുന്ന് വിതരണം ഉണ്ടാകും. ഇവിടങ്ങളിൽ ഡോക്ടർമാരുടേയും സഹായത്തിനായി ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.

വെള്ളിയാമറ്റം കറുകപ്പള്ളി ഹോമിയോ ഡിസ്‌പെൻസറിയിൽ വച്ച് സംഘടിപ്പിച്ച ചടങ്ങ് പ്രസിഡന്റ് ഇന്ദു ബിജു ഉദ്ഘാടനം ചെയ്തു. വെള്ളിയാമറ്റത്ത് 1300 ഓളം വിദ്യാർത്ഥികളാണുള്ളത്. ഇതിൽ യാത്രാക്ലേശം നേരിടുന്ന ആദിവാസി മേഖലയിലെ അറുന്നൂറോളം വിദ്യാർത്ഥികൾക്കായി പ്രത്യേകം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രകൃതിദുരന്തം മൂലം പലയിടത്തും വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെ നിന്നുള്ള വിദ്യാർത്ഥികൾക്കും മരുന്ന് ലഭ്യമാക്കും. ഇതിനായി എസ്.ടി. പ്രമോട്ടർമാരുടെ നേതൃത്വത്തിൽ രജിസ്‌ട്രേഷൻ നടപടികളും മരുന്ന് വിതരണവും പൂർത്തിയാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ലാലി ജോസി അദ്ധ്യക്ഷയായി.