തൊടുപുഴ: സ്വന്തം പാളയത്തിൽ നിന്നും പ്രവർത്തകർ വിട്ടുപോകുമ്പോൾ സി.പി.ഐ.യുടെ നേരെ പുലയാട്ട് നടത്തുന്ന സി.പി.എം നേതൃത്വത്തിന്റെ നിലപാട് പരിഹാസ്യമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ .കെ ശിവരാമൻ പറഞ്ഞു. വട്ടവട അടക്കം ജില്ലയിലെ ഭൂ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഏറ്റവും ശരിയായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സി.പി.ഐ.

സിപി.ഐ മന്ത്രിമാരായിരുന്ന ബിനോയ് വിശ്വത്തിനും കെ .പി രാജേന്ദ്രനും ഇ .ചന്ദ്രശേഖരനും എതിരെ തിരിയുന്ന എം എം മണി ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. കെ പി. രാജേന്ദ്രൻ റവന്യു മന്ത്രിയായിരുന്നപ്പോൾ ആണ് കൃഷിക്കാർക്ക് പട്ടയം നൽകുന്നതിനെതിരെ സുപ്രീം കോടതിയിൽ നിലനിന്ന കേസിൽ കൃഷിക്കാർക്ക് അനുകൂലമായ വിധിയുണ്ടാക്കാൻ കഴിഞ്ഞതെന്ന കാര്യം മനസിലാക്കണം. സിപിഐ എന്നും കയ്യേറ്റക്കാർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് വരുന്ന പാർട്ടിയാണ്. കയ്യേറ്റക്കാരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും സിപിഐയുടെ പക്കലുണ്ട്. ഇവരൊക്കെ ആരുടെ തണലിലാണ് രാജാക്കന്മാരായി കഴിയുന്നതെന്നും എല്ലാവർക്കും അറിയാം. സി.പി.ഐയെ കർഷക ദ്രോഹികളും ജനദ്രോഹികളുമായി ചിത്രീകരിക്കുന്ന സി.പി.എമ്മിന്റെ യഥാർത്ഥ മുഖം മൂന്നാറിലും ചിന്നക്കനാലിലും മറ്റ് പലയിടത്തും ജനങ്ങൾ കണ്ടിട്ടുള്ളതാണ്.എൽ. ഡി. എഫ് സർക്കാരിന്റെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് റവന്യുമന്ത്രിനടത്തി വരുന്നത്. ജില്ലയിൽ ഇതിനോടകം 44000 പേർക്ക് പട്ടയം നൽകിയതും മറ്റ് നിരവധി ഭൂപ്രശ്‌നങ്ങൾ പരിഹരിച്ചതും എം എം മണി മറക്കരുതെന്ന് ശിവരാമൻ ഓർമ്മിപ്പിച്ചു.