കട്ടപ്പന: പരിസ്ഥിതി സംരക്ഷിക്കാൻ ആവശ്യമായ മാധവ് ഗാഡ്ഗിൽ കണ്ടെത്തിയ വിവരങ്ങളെ പുറം തള്ളി അനധികൃത കൈയേറ്റക്കാർക്കും ക്വാറി മാഫിയകൾക്കും ഒത്താശ ചെയ്ത ഭരണക്കാരാണ് തുടർച്ചയായി ഉണ്ടാകുന്ന ദുരന്തങ്ങളുടെ കാരണക്കാരെന്ന് ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി. രാധാകൃഷ്ണൻ പറഞ്ഞു. ഒ.ബി.സി മോർച്ച ജില്ലാ ഭാരവാഹികളുടെ യോഗം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി പ്രവർത്തിക്കുന്ന നൂറുകണക്കിന് ക്വാറികളും റിസോർട്ടുകളും ജില്ലയിൽ ഉണ്ടാക്കിയ പരിസ്ഥിതി ആഘാത പ്രവർത്തനത്തിന്റെ ഫലമാണ് സാധാരണക്കാരായ ജനങ്ങൾ ദുരന്തം നേരിടാൻ ഇടയായതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി. പ്രബീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽസെക്രട്ടറിമാരായ
അഡ്വ. അരുൺ പ്രകാശ്, രശ്മിൽ നാഥ്, സംസ്ഥാന മീഡിയ, ഐടി സെൽ കൺവീനവർ രാകേഷ് നാഥ്, ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. സരേന്ദ്രൻ, അനൂപ് വണ്ടിപ്പെരിയാർ, ഇ.എസ്. അജിത് തുടങ്ങിയവർ സംസാരിച്ചു.