കട്ടപ്പന: മീനിന് തീറ്റ നൽകുന്നതിനിടെ യുവാവ് പുരയിടത്തിലെ
പടുതാക്കുളത്തിൽ വീണ് മരിച്ചു. ഉപ്പുതറ കൈതപ്പതാൽ കണ്ണമുണ്ടയിൽ ഔസേപ്പച്ചന്റെ മകൻ ലിൻസ് ജോസഫ് (31) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. സ്വന്തം പുരയിടത്തിലെ പടുതക്കുളത്തിൽ വളർത്തുന്ന മീനിന് തീറ്റകൊടുക്കാനും മീൻ പിടിക്കാനും പോയ ലിൻസ് ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വന്നില്ല. മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടന്നില്ല. തുടർന്ന് വീട്ടുകാർ അന്വേഷിച്ചു ചെന്നപ്പോഴാണ് കുളത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: ലില്ലിക്കുട്ടി . സഹോദരങ്ങൾ: ലിൻജു, ലിൻജോ. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചിന്നാർ സെന്റ് ജോർജ് പള്ളി സെമത്തേരിയിൽ.