മുട്ടം: കനത്ത മഴയെ തുടർന്ന് മുട്ടം ടൗൺ പ്രദേശത്തെ ഓടകൾ നിറഞ്ഞു കവിഞ്ഞ് വെള്ളം റോഡിലേക്ക്‌ വ്യാപകമായി ഒഴുകുന്നത് തടയാൻ പഞ്ചായത്ത്‌ പ്രത്യേക പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് പ്രസിഡന്റ് ഷൈജ ജോമോൻ പറഞ്ഞു. മഴ ശക്തമായാൽ മുട്ടം ടൗൺ മുതൽ മൂലമറ്റം റൂട്ടിലുള്ള സൂപ്പർ മാർക്കറ്റ് ജംഗ്ഷൻ വരേയും ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മുതൽ സാമൂഹ്യ ആരോഗ്യ കേന്ദ്രം വരേയുമുള്ള ഭാഗങ്ങളിൽ ഓടയിൽ നിന്ന് മഴ വെള്ളം വ്യാപകമായി കുത്തിഒലിച്ച് റോഡിലേക്ക് ഒഴുകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതേ തുടർന്ന് ഓടകളിലെ ദുർഗന്ധം വമിക്കുന്ന മാലിന്യം നിറഞ്ഞ അഴുക്ക് വെള്ളം റോഡിലേക്ക് ഒഴുകിയെത്തുകയുമാണ്. ഇത് റോഡിന്റെ സുരക്ഷക്കും വൻ ഭീഷണിയാണ്. വർഷങ്ങളായി ഈ അവസ്ഥയാണ് തുടർന്ന് വരുന്നതും. ഇതേ തുടർന്നാണ് മുട്ടം ടൗൺ കേന്ദ്രീകരിച്ചുള്ള ഓടകളുടെ നവീകരണം,ഒടിഞ്ഞതും നശിച്ചതുമായ സ്ലാബുകൾ മാറ്റി സ്ഥാപിക്കൽ, ഓടകളിലെ മണ്ണും കല്ലും മാറ്റൽ എന്നിവക്കായി മുട്ടം പഞ്ചായത്ത്‌ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇതിന് വേണ്ടി പഞ്ചായത്ത്‌ നാളെ അടിയന്തിര കമ്മറ്റി ചേരും. മഴക്കാലം ശക്തമാകുന്നതിന് മുൻപ് ഓടകളുടെ നവീകരണവുമായി മുട്ടം പഞ്ചായത്ത്‌ പൊതുമാരാമത്ത് വകുപ്പിന് കത്ത് നൽകിയെങ്കിലും നടപടികൾ എങ്ങും എത്തിയില്ല.