തൊടുപുഴ: ജില്ലയിലെ ബാങ്കുകളുടെയെല്ലാം കിട്ടാക്കടം ആകെ 1070 കോടി രൂപ. വിദ്യാഭ്യാസം, കൃഷി, വീട് തുടങ്ങിയ മുൻഗണനാ വായ്പകളിലെ കണക്കാണിത്. ആകെ വായ്പയുടെ 12.86 ശതമാനം വരുമിത്. സംസ്ഥാന ശരാശരിയേക്കാൾ അഞ്ച് ശതമാനം കൂടുതലാണിത്. കിട്ടാക്കടത്തിൽ നൂറ് കോടി രൂപയും വിദ്യാഭ്യാസ വായ്പയിനത്തിലാണ്. വിവിധ ബാങ്കുകളിൽ നിന്നായി ആകെ 13,000 കോടി രൂപയുടെ വായ്പയാണ് ജില്ലയിൽ നൽകിയിട്ടുള്ലത്. ഇതിൽ 400 കോടി രൂപയാണ് വിദ്യാഭ്യാസ വായ്പ നൽകിയിട്ടുള്ളത്. ഇതിന്റെ 25 ശതമാനവും കിട്ടാക്കടമാണ്. ജില്ലയിലാകെ ഒമ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണുള്ളത്. നിക്ഷേപ- വായ്പാ അനുപാതത്തിന്റെ 130 ശതമാനം വരെ വായ്പയാണ് ജില്ലയിൽ നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ നിക്ഷേപ- വായ്പാ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ലകളിൽ രണ്ടാം സ്ഥാനത്താണ് ഇടുക്കി. വയനാടാണ് ഒന്നാമത്. വായ്പകളുടെ കാലാവധിയും ഈടും നോക്കി ഓരോ ബാങ്കുകളും കിട്ടാക്കടം തിരികെ പിടിക്കാൻ ഓരോ വർഷവും ഒറ്റതവണ തീർപ്പാക്കൽ പോലെ വിവിധ പദ്ധതികൾ ആവിഷ്കരിക്കാറുണ്ട്.
' നിക്ഷേപത്തിന്റെ 70 ശതമാനം വരെ വായ്പ നൽകുന്നതാണ് ബാങ്കുകൾക്ക് അഭികാമ്യം. എന്നാൽ ജില്ലയിലിത് 130 ശതമാനമാണ്. ഇത് വളരെ കൂടുതലാണ്."
-ജി. രാജഗോപാലൻ (ലീഡ് ഡിസ്ട്രിക്ട് മാനേജർ)
പോംവഴി ഒറ്റതവണ തീർപ്പാക്കൽ
കിട്ടാക്കടം തിരിച്ചുപിടിക്കാൻ ഒറ്റതവണ തീർപ്പാക്കൽ പദ്ധതിയാണ് നിലവിൽ ബാങ്കുകളുടെ മുന്നിലുള്ളത്. പദ്ധതിവഴി തിരിച്ചടയ്ക്കാനുള്ള തുക 25 ശതമാനമായി പല ബാങ്കുകളും കുറയ്ക്കാറുണ്ട്. എന്നാൽ ഇതു പോലും അടയ്ക്കാൻ പലർക്കും സാധിക്കുന്നില്ല. മാത്രമല്ല ഒറ്റ തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കടം വീട്ടിയാലും പിന്നീട് മൂന്ന് വർഷത്തോളം മറ്റ് വായ്പകളൊന്നും ബാങ്കുകളിൽ നിന്ന് ലഭിക്കില്ലെന്ന പ്രശ്നവുമുണ്ട്. കാർഷിക കടങ്ങളെ സാങ്കേതികമായി ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പല ബാങ്കുകളും നൽകാറില്ല.
പ്റശ്നം കാർഷികമേഖലയുടെ തകർച്ച
തുടർച്ചയായെത്തിയ പ്രളയവും പിന്നാലെ വന്ന കൊവിഡുമാണ് കാർഷികജില്ലയായ ഇടുക്കിയെ കടക്കെണിയിലാക്കിയത്. 2018ൽ പ്രളയത്തിന് മുമ്പ് എട്ട് ശതമാനമായിരുന്നു ജില്ലയിലെ കിട്ടാക്കടം. ഇതാണ് മൂന്ന് വർഷത്തിനുള്ലിൽ അഞ്ച് ശതമാനത്തോളം കൂടിയത്. നിലവിൽ മോറട്ടോറിയമുള്ളതിനാൽ റിക്കവറി നടപടികൾ സ്വീകരിക്കാൻ ബാങ്കുകൾക്കാവില്ല. എന്നാൽ ഇത് കഴിഞ്ഞ് കടം തിരിച്ചുപിടിക്കാൻ ജപ്തിയുമായി ബാങ്കുകൾ മുന്നോട്ടുവന്നാൽ കർഷകർക്കിത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.