തൊടുപുഴ: ജില്ലയിലെ ലീഡ് ബാങ്കായ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വായ്പാ വിതരണ മേളയും പൊതുജന സമ്പർക്ക പരിപാടിയും നാളെ തൊടുപുഴയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി പ്രധാന ഹാളിൽ രാവിലെ 10 മുതൽ അഞ്ച് വരെ നടക്കുന്ന മേളയിൽ ജില്ലയിലെ 15 ബാങ്കുകൾ പങ്കെടുക്കും. വിവിധ ബാങ്കുകളുടെ സ്റ്റാളുകളിൽ നിന്ന് നിക്ഷേപ വായ്പാ പദ്ധതികൾ, ഡിജിറ്റൽ ബാങ്കിങ് തുടങ്ങിയവയെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കുന്നതിനുള്ള സൗകര്യമുണ്ട്. കൂടാതെ വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളുമുണ്ട്. ഇവിടെ നിന്ന് വകുപ്പുകൾ ബാങ്കുകളിലൂടെയും നേരിട്ടും നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് അറിയാം. വായ്പകളുടെ അനുമതി പത്രങ്ങൾ മേളയിൽ വിതരണം ചെയ്യും. പുതിയ വായ്പയ്ക്കുള്ള അപേക്ഷ നൽകാം. പരാതി പരിഹാര സെൽ, ആധാർ എൻറോൾമെന്റ് സെന്റർ, ഗ്രാമീണ പരിശീലന കേന്ദ്രത്തിന്റെ സ്റ്റാളുകൾ എന്നിവയുമുണ്ട്. സാമ്പത്തിക സാക്ഷരതാ ഉപദേഷ്ടാവിന്റെ സേവനം ലഭ്യമാണ്. മേള രാവിലെ 11ന് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. വിവിധ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരും സർക്കാർ വകുപ്പുകളിലെ മേധാവികളും പങ്കെടുക്കും. ജനങ്ങളെ ബാങ്കുമായി കൂടുതൽ അടുപ്പിക്കുകയും സർക്കാർ പദ്ധതികളെക്കുറിച്ച് ബോധവത്കരിച്ച് കൂടുതൽ വായ്പകൾ വിതരണം ചെയ്യുകയുമാണ് മേളയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ലീഡ് ബാങ്ക് ജില്ലാ മാനേജർ ജി. രാജഗോപാലൻ, എസ്.ബി.ഐ റീജിയണൽ മാനേജർ മാർട്ടിൻ ജോസ്, ഫെഡറൽ ബാങ്ക് റീജിയണൽ മാനേജർ ജോർജ് ജേക്കബ് എന്നിവർ പങ്കെടുത്തു.