വണ്ടിപ്പെരിയാർ: ഇടതു സർക്കാർ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ അട്ടിമറിച്ചിരിക്കുകയാണന്നും സംവരണത്തിൽ വെള്ളം ചേർത്ത് സാമൂഹിക നീതി നിഷേധിക്കുകയാണെന്നും മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിന്റെ പേരിൽ മതനിരാസം പ്രോൽസാഹിപ്പിക്കുകയാണ് സി.പി.എം ചെയ്യുന്നത്. സ്വന്തം ഐഡിയോളജി ഒളിച്ചുകടത്താനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. വിദ്യാഭ്യാസ സാമൂഹിക ക്ഷേമ പദ്ധതികളിൽ മുസ്ലിം സമുദായത്തിന് അർഹമായത് ലഭിക്കുന്നില്ല. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് മുസ്ലിം ലീഗ് മുന്നിലുണ്ടാകും. നിയമം ലംഘിച്ച് ക്വാറികൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാർ മൗണ്ട് റിവേറയിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എൻ. ഷംസുദീൻ എം.എൽ.എ സംസ്ഥാന കമ്മിറ്റിയുടെ നയരേഖ അവതരിപ്പിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. പി.എം. സാദിഖലി, ടി.എം. സലിം, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം.എ ഷുക്കൂർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.