കൊക്കയാർ: പ്രളയ ദുരന്തത്താൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകുന്ന കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതിക്ക് കൊക്കയാറിൽ തുടക്കമായി. പ്രളയം കവർന്നെടുത്ത പഠനോപകരണങ്ങൾ കെ.എസ്.യു തിരിച്ചുനൽകും എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ദുരതാശ്വസ ക്യാമ്പായി പ്രവർത്തിക്കുന്ന കൊക്കയാർ നാരകംപുഴ സെന്റ് ലൂക്ക്‌സ് സി.എസ്.ഐ ചർച്ചിൽ നടന്നു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. സെന്റ് ലൂക്ക്‌സ് സി.എസ്.ഐ ചർച്ച് ഇടവക വികാരി ഫാ പി.കെ സെബാസ്റ്റ്യൻ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. സെന്റ് ജോർജ് ചർച്ച് അസി.വികാരി ഫാ.മാത്യു വാഴചാരി, ഇമാം ഷാജഹാൻ മൗലവി, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പരപ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു.